കൊലക്കേസില്‍ ജയിലിലുള്ള നടന്‍ ദര്‍ശന് ആശ്വാസം; കാലിന് ശസ്ത്രക്രിയ നടത്താന്‍ ഇടക്കാല ജാമ്യം
ആരാധകരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ സിനിമാ താരം ദര്‍ശന്‍ തൂഗുദീപയ്ക്ക് ആറു മാസം ഇടക്കാല ജാമ്യം. ചികിത്സക്കായാണ്
കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കാലില്‍ ശസ്ത്രക്രിയ വേണമെന്ന് നടന്‍ ഹൈക്കോടതി അറിയിക്കുകയായിരുന്നു. ദർശന്റെ രോഗവിവരം സംബന്ധിച്ച് ജയിലിലെ ഡോക്ടര്‍മാരും ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും മുദ്രവച്ച കവറില്‍ കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടുകളെല്ലാം പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ച് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി ഉത്തരവിറക്കിയത്. ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദര്‍ശന്റെ ആവശ്യം. ചെലവുകള്‍ സ്വയം വഹിച്ചോളാമെന്നും ദര്‍ശന്‍ അറിയിച്ചിട്ടുണ്ട്.
ദര്‍ശന്റെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം എത്ര ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും പോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഏഴു ദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് ആരാധകനെ ഫാം ഹൗസില്‍ എത്തിച്ച് ദര്‍ശനും സംഘവും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ കേസില്‍ നടി പവിത്രയും ജയിലിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here