ഇന്ത്യന്‍ പ്രദേശത്തെ പാകിസ്താന്‍ എന്ന് വിളിക്കരുതെന്ന് സുപ്രീം കോടതി; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ മാപ്പപേക്ഷ അംഗീകരിച്ചു

കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങളില്‍ കടുത്ത വിയോജിപ്പുമായി സുപ്രീം കോടതി. ഇന്ത്യയിലെ ഒരു ഭാഗത്തെയും ‘പാകിസ്താന്‍’ എന്ന് മുദ്രകുത്താന്‍ ആകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലുള്ള ഗോരി പാല്യയെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടാണ് സുപ്രീം കോടതി വിയോജിപ്പ്‌ അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുത്. കോടതി നിര്‍ദേശിച്ചു. അതേസമയം കർണാടക ഹൈക്കോടതി ജഡ്ജിയുടെ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. “മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. ഇവിടെയുള്ള ഓരോ ഓട്ടോയിലും 10 പേരെ കാണാം. അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല, പാകിസ്താനിലെ ഗോരി പാല്യയാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നിയമം ബാധകമല്ല. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പോലീസുകാരനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കും.” – ജഡ്ജി പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ ജഡ്ജി ഖേദം പ്രകടിപ്പിച്ചിരുന്നു. “കേസിനിടെ നടത്തിയ ചില നിരീക്ഷണങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി സോഷ്യല്‍ മീഡിയയില്‍ വരുകയായിരുന്നു. ഈ നിരീക്ഷണങ്ങൾ ഉദ്ദേശിക്കാത്തതായിരുന്നു. ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ വിഷമിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത്.” – ഖേദപ്രകടനത്തിൽ അദ്ദേഹം പറഞ്ഞു. വനിതാ അഭിഭാഷകയോട് വാദത്തിനിടെ മോശമായി സംസാരിച്ചതും വിവാദമായിരുന്നു.

ഈ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട്‌ തേടിയത്. കര്‍ണാടക ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top