അർജുന് വേണ്ടി റഡാർ ഉപയോഗിച്ച് തിരച്ചില്‍; സൈന്യത്തിന്റെ സഹായം തേടണമെന്ന് കുടുംബം
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. റഡാർ ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ.
സൈന്യത്തിന്റെ സഹായം തേടണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നീ സംഘങ്ങളാണ് തിരയുന്നത്. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും.
ബെംഗളുരുവിൽ നിന്നാണ് റഡാറെത്തിച്ചത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. ലോറിയുള്ള സ്ഥലം റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശയില്‍ മണ്ണെടുപ്പ് നടത്തും.
മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ഇന്നലെ രാത്രി രക്ഷാപ്രവർത്തനം നടത്താൻ വലിയ ലൈറ്റുകൾ പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയിലും തിരച്ചില്‍ തുടര്‍ന്നിരുന്നു. അതിശക്തമായ മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടർ മാധ്യമങ്ങളെ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here