അർജുന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു; നാട് ഇന്ന് വിട നല്‍കും
കര്‍ണാടക ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ.ശശീന്ദ്രൻ ഏറ്റുവാങ്ങി. വിലാപയാത്രയായാണ് വീട്ടിലെത്തിക്കുന്നത്. ഒരു മണിക്കൂർ കണ്ണാടിക്കലിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകള്‍ നടക്കും.
Also Read: ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; കണ്ടെടുത്തത് അര്‍ജുന്റെ മൃതദേഹം തന്നെ
കാസർകോട് നിന്നും കേരള-കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും വാഹനത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂർ ദൗത്യത്തിൽ പങ്കാളിയായ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും ഒപ്പമുണ്ട്.
ഇന്നലെയാണ് ഡിഎന്‍എ പരിശോധനയിലൂടെ ഗംഗാവലിയില്‍ നിന്നും കണ്ടെടുത്തത് അര്‍ജുന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പുഴയില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് ഇന്നലെ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മൃതദേഹം കോഴിക്കോട്ട് എത്തിച്ചത് കേരള സര്‍ക്കാരാണ്. കർണാടക പോലീസ് അകമ്പടി നല്കി. മൂന്നാംഘട്ട തിരച്ചിലിലാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് പുഴയില്‍ മണ്ണുനീക്കി നടത്തിയ പരിശോധനയിലാണ് ലോറിയും മൃതദേഹവും കണ്ടെത്താന്‍ കഴിഞ്ഞത്.
കാണാതായി 72–ാം നാള് ആണ് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയില്‍ ഉള്ളവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here