അര്‍ജുന്‍ ഇനി കണ്ണീരോര്‍മ; വിട ചൊല്ലി നാട്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ (32) ഇനി കണ്ണീരോർമ. അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊതുദർശനം കഴിഞ്ഞതോടെ അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. വൈകിട്ട് അനുശോചന യോഗം നടക്കും.

അര്‍ജുന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 6 മുതൽ തന്നെ ആളുകൾ കണ്ണാടിക്കലില്‍ എത്തിയിരുന്നു. എട്ടരയോടെ മൃതദേഹം എത്തിയപ്പോഴേക്കും ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി അര്‍ജുന്റെ വീട്ടിലേക്ക് നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററോളം നീണ്ടു.

Also Read: അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു; നാട് ഇന്ന് വിട നല്‍കും

മന്ത്രി എ.കെ.ശശീന്ദ്രൻ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയില്‍, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ, ഈശ്വർ മാൽപെ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചു. ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്.

Also Read: ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം തന്നെ

രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ.ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ വൈകിട്ടാണ് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്.

Also Read: അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും; ഡിഎന്‍എ ഫലത്തിനായി കാത്തിരിപ്പ് നീളുന്നു

കാണാതായി 72–ാം നാള്‍ ആണ് മൃതദേഹം ഗംഗാവലി പുഴയില്‍ നിന്നും പുറത്തെടുത്തത്. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയില്‍ ഉള്ളവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top