അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നത് വൈകിയേക്കും; ഡിഎന്‍എ ഫലത്തിനായി കാത്തിരിപ്പ് നീളുന്നു
കര്‍ണാടക ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്നും തിരച്ചിലില്‍ കണ്ടെത്തിയ അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം കൈമാറാനാണ് ശ്രമിക്കുന്നത്. സാമ്പിള്‍ ലാബിലേക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് പരിശോധന നീണ്ടത്.
ഡിഎന്‍എ ഫലം വന്നാലുടൻ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കോഴിക്കോട്ട് എത്തിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും. കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം കോഴിക്കോട്ട് എത്തിക്കുക.
മംഗളൂരു എഫ്എസ്എൽ ലാബിലേക്കാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. മൃതദേഹ ഭാഗങ്ങൾ കാർവാറിലെ കിംസ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഗംഗാവലി പുഴയിൽനിന്ന് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അര്‍ജുന്റേതെന്ന് ഉറപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
ഗംഗാവലി പുഴയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 71 ദിവസം കഴിഞ്ഞാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്താനായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തിരച്ചിൽ നടത്തിയത്. ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് പുഴയില്‍ മണ്ണുനീക്കി നടത്തിയ പരിശോധനയിലാണ് ലോറിയും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here