കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർ തണ്ടാ ഡബിൾ എക്സ്’ രണ്ടാം വാരത്തിലേക്ക്; 150 തിയറ്ററുകളിൽ പ്രദർശനം
ദീപാവലി റിലീസായെത്തി പ്രേക്ഷകരുടെ മനം കവർന്ന തമിഴ് ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർ തണ്ടാ ഡബിൾ എക്സ്’. 2014 ൽ പുറത്തിറങ്ങിയ ‘ജിഗർ തണ്ടാ’യുടെ സീക്വല്‍ ആണ് ചിത്രം. 1970 കാലഘട്ടം പശ്ചാതലമാക്കിയാണ് സിനിമ. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ‘ജിഗർ തണ്ടാ ഡബിൾ എക്സ്’ നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
അടുത്തകാലതായി മലയാളികൾക്കിടയിൽ ഇതരഭാഷാ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് തമിഴ് ചിത്രങ്ങൾക്ക്. ജയിലർ, ലിയോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ‘ജിഗർ തണ്ടാ ഡബിൾ എക്സ്’. കേരളത്തിലെ തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളും വമ്പൻ റിവ്യൂകളുമാണ് ചിത്രത്തിന്. ആദ്യവാരത്തിൽ 105 തിയറ്ററുകളിലാണെങ്കിൽ രണ്ടാം വാരം 150 തിയറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. രാഘവ ലോറൻസ്, എസ് ജെ സൂര്യ, മലയാളി താരങ്ങളായ നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ബോക്സ് ഓഫീസിൽ ആദ്യവാരം 43 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ 50 കോടി കടക്കും എന്നാണ് പ്രതീഷിക്കുന്നത്. രജനി കാന്തടക്കമുള്ള ഒട്ടനവധി താരങ്ങളാണ് സംവിധായകൻ കാർത്തിക് സുബ്ബരാജിനെയും സിനിമയിലെ മറ്റു അഭിനേതാക്കാളേയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. ‘സിനിമാ ലോകത്തെ നീലക്കുറിഞ്ഞിയാണ് ജിഗർ തണ്ടാ ഡബിൾ എക്സ്’ എന്നാണ് കഴിഞ്ഞ ദിവസം രജനികാന്ത് പറഞ്ഞത്. ഇതിലെ പല രംഗങ്ങളും തീര്‍ത്തും പുതുമയുള്ളതാണെന്നും രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here