കരുനാഗപ്പള്ളിയില്‍ കടുത്ത നടപടികള്‍ക്ക് സിപിഎം നേതൃത്വം; തരംതാഴ്ത്തലും അച്ചടക്ക നടപടിയും വന്നേക്കും
വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയില്‍ നേതൃത്വം കടുത്ത നടപടികളിലേക്ക്. വിമത നേതാക്കളെ തരംതാഴ്ത്തിയും അച്ചടക്ക നടപടി എടുത്തും കാര്യങ്ങള്‍ വരുതിക്ക് കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കരുനാഗപ്പള്ളിയില്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ അലങ്കോലമായിട്ടും സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഏഴംഗ അഡ്ഹോക്ക് കമ്മറ്റിക്കാണ് ചുമതല നല്‍കുന്നത്. കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും.
ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ജില്ലാ സമ്മേളനം നടക്കാന്‍ പോകുന്നത്. ഒമ്പതുമുതല്‍ പതിനൊന്ന് വരെയാണ് ജില്ലാ സമ്മേളനം. സൂസന്‍ കോടിയെ അനുകൂലിക്കുന്ന വിഭാഗവും പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗവും തമ്മിലാണ് ഉരസല്‍ നടക്കുന്നത്.
ഏരിയാ സമ്മേളനത്തിന് എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന ഹാളില്‍ പൂട്ടിയിട്ട സംഭവം സംസ്ഥാന നേതൃത്വത്തിനെ ഞെട്ടിച്ചിരുന്നു. വിമതവിഭാഗം പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് കൂടി നടത്തിയതോടെ ഇടപെടാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ട് എത്തി നടപടികള്‍ സ്വീകരിച്ചത്. അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാകും നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here