കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്‌തീൻ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ സി മൊയ്‌തീൻ എംഎൽഎ. അസൗകര്യം ഉണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം ഇ ഡിയെ അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23നാണ് മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത്. മൊയ്‌തീനെ കൂടാതെ മറ്റ് നാലുപേരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. 15 കോടിയുടെ സ്വത്തുവകകളും കണ്ടുകെട്ടി. മൊയ്തീന്റെയും ഭാര്യയുടെയും ബാങ്കിൽ സ്ഥിര നിക്ഷേപമായുള്ള 28 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരപ്പിക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനാണ് നാളെ ഹാജരാകാൻ നോട്ടീസ് നൽകിയത്.
ബിനാമികളെ ഉപയോഗിച്ച് പാവപ്പെട്ട ജനങ്ങളുടെ ഭൂമി അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പണയപ്പെടുത്തി കോടികൾ വായ്‌പ തട്ടി എടുത്തതായാണ് ഇ ഡിയുടെ റിപ്പോർട്ട്. പാർട്ടി നേതാക്കളുടെ നിർദേശപ്രകാരമാണ് ബിനാമികൾക്ക് ലോൺ അനുവദിച്ചതെന്നാണ് നേരത്തെ പിടിയിലായ ബാങ്ക് സെക്രട്ടറിയുൾപ്പെടെയുള്ള പ്രതികളുടെ വിശദീകരണം.
ബാങ്കിൽ പല വകുപ്പുകളിലായി 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. 400 കോടിയുടെ തട്ടിപ്പെന്നാണ് ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. നിക്ഷേപകർക്ക് നഷ്‌ടമായ പണം മുഴുവൻ തിരിച്ചു നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയെങ്കിലും ഇതുവരെ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ഈ ഘട്ടത്തിലാണ് ഇ ഡിയുടെ സജീവ ഇടപെടൽ ഉണ്ടാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here