‘പണം തിരികെചോദിച്ചപ്പോൾ ഞാൻ ശത്രുവായി, പാർട്ടിയുടെ ചിത്രവധത്തേക്കാൾ നല്ലത് ദയാവധം’: 70ലക്ഷം കരുവന്നൂർ ബാങ്കിലിട്ട ജോഷി ആന്റണിയുടെ വാക്കുകൾ

തൃശൂർ: “സിപിഎം എന്നോടൊപ്പം നിൽക്കുമെന്നാണ് ഞാൻ കരുതിയത്. നിക്ഷേപത്തുക ചോദിച്ചു തുടങ്ങിയത് മുതൽ അവർക്ക് ഞാൻ ശത്രുവായി. അത് കിട്ടിയില്ലെങ്കിൽ ഇനി ചികിൽസക്ക് വഴിയില്ല, അങ്ങനെ കിടന്ന് നരകിക്കാൻ വയ്യാത്തതിനാലാണ് ദയാവധത്തിന് അപേക്ഷ നൽകിയത്.” കരുവന്നൂർ ബാങ്കിൽ 70 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിട്ടും കടക്കെണിയില്‍പ്പെട്ട രോഗിയായ തൃശൂർ മുകുന്ദപുരത്തെ ജോഷി ആന്റണിയുടെ വാക്കുകളാണിത്. പാർട്ടിയിലെ സ്ഥാനങ്ങൾ പോകുമെന്ന പേടിയിൽ ഉറ്റകൂട്ടുകാർ വരെ കൈവിട്ടു. പാർട്ടിയുടെ ചിത്രവധത്തേക്കാൾ തനിക്ക് ദയാവധം മതിയെന്നാണ് ജോഷി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. ഇതിനുള്ള അനുവാദം തേടിയാണ് ജോഷി മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചത്.

2013ലാണ് ജോഷി കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്തുന്നത്. അക്കൗണ്ടന്റ് ആയിരുന്ന ജോഷി 2002 നവംബറിൽ ഉണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായി. ഏഴര വർഷത്തെ കിടപ്പിനിടയിൽ സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. പിന്നീട് കെട്ടിട നിർമാണ മേഖലയിലേക്ക് കടന്നു. അതിൽനിന്നുള്ള വരുമാനമായ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ആദ്യം നിക്ഷേപിച്ചത്. ഇതിന് പുറമെ മാതാപിതാക്കൾ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 25 ലക്ഷം രൂപയും അവരുടെ മരണശേഷം നോമിനി എന്ന നിലയിൽ ജോഷിക്ക് ലഭിച്ചു. ഭാര്യയുടെ സ്വർണം വിറ്റ 25 ലക്ഷവും കരുവന്നൂര്‍ ബാങ്കില്‍ തന്നെ നിക്ഷേപിച്ചു. ആറു വർഷം മുൻപാണ് കഴുത്തിൽ ട്യൂമർ വന്നത്. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തിയെങ്കിലും പണം ലഭിച്ചില്ല. കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. ‘ജോഷി മരിച്ചാലും ഞങ്ങൾക്ക് ഒന്നുമില്ല. പണം തരാൻ പറ്റില്ല’ എന്നാണ് ഇപ്പോൾ ജയിലിൽ കിടക്കുന്ന കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം അന്ന് പറഞ്ഞതെന്ന് ജോഷി പറയുന്നു. ‘മന്ത്രി ആർ.ബിന്ദുവിനെ നേരിട്ടും ഫോണിലൂടെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ശരിയാക്കാം ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. എന്റെ രോഗാവസ്ഥ അറിയാമായിരുന്നിട്ട് പോലും മന്ത്രി ഉൾപ്പെടെ ആരും എന്നെ സഹായിക്കാൻ തയ്യാറായില്ല. സിപിഎം പ്രവർത്തകനായിട്ട് പോലും അവഗണനയാണ് നേരിട്ടത്’- ജോഷി പറഞ്ഞു.

“നവകേരള സദസിൽ പരാതി നൽകിയിരുന്നു. ബാങ്ക് പ്രതിസന്ധിയിലായത് കൊണ്ട് പലിശ തരാൻ കഴിയില്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. ഇതാണ് ഈ സർക്കാരിന്റെ പ്രശ്‌നം. ഒന്നിനും കൃത്യമായി മറുപടി തരില്ല. ശക്തമായ നിലപാടുമില്ല. ഇതൊന്നും മാർക്സിസ്റ്റ് സർക്കാരിന്റെ സ്വഭാവമല്ല. മാർക്സിസം എന്താണെന്ന് ഭരണത്തിലുള്ളവർക്കോ അനുയായികൾക്കോ അറിയില്ല. നിർമാണ ജോലികളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇപ്പോൾ ഒരുവിധത്തിൽ ജീവിച്ചു പോകുന്നത്. രോഗം പലതുള്ളത് കൊണ്ട് കരാര്‍ പണികള്‍ കിട്ടുന്നത് കുറവാണ്. കടക്കെണിയിൽ നിന്ന് കരകയറണമെങ്കിൽ നിക്ഷേപിച്ച പണം കിട്ടണം. മാതാപിതാക്കളുടെ പണം എന്റെ പേരിൽ ഇട്ടത് സഹോദരങ്ങൾക്ക് അവരുടെ വിഹിതം ഞാൻ നൽകുമെന്ന ഉറപ്പിലാണ്. അതിനുപോലും കഴിയാത്ത അവസ്ഥയിലാണ്. നീതി കിട്ടുന്നതുവരെ പോരാടും”- ജോഷി പറയുന്നു.

നിക്ഷേപത്തുക തിരിച്ചുകിട്ടാൻ 2022ൽ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും നീതി വൈകുന്നതിനാൽ 2023ൽ പിൻവലിച്ചു. രോഗങ്ങൾ അലട്ടുന്നതിനാൽ ആയുസ്സ് എത്രനാൾ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് ജോഷി പറയുന്നത്. ‘ഇനിയും കിടപ്പിലായാൽ അതും ബുദ്ധിമുട്ടാണ്. സർക്കാരിനോടും ബാങ്കിനോടും അപേക്ഷിച്ച് മതിയായി. അത്കൊണ്ടാണ് കോടതിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ട് രക്തസാക്ഷി ദിനമായ ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാൻ അനുവാദം ചോദിച്ചത്’. ജോഷി പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ സ്ട്രോക്ക് വന്നതിനെത്തുടർന്ന് ജോഷിയുടെ ഇടത് ചെവിയുടെ കേൾവി ശക്തി പൂർണമായും നഷ്ടമായിട്ടുണ്ട്. അതേ വർഷം മേയിൽ വീണ്ടും ട്യൂമർ വന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ അനുഭവിക്കുമ്പോഴും കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചെയ്യുന്നുണ്ട് ഈ അന്‍പത്തിമൂന്നുകാരന്‍. കിടപ്പുരോഗികളുടെ മക്കളായ 16 പേർക്ക് പഠനത്തിനും മറ്റുമുള്ള പണം എത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഉറപ്പുള്ള ബാങ്കിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർ എന്ത് ചെയ്യുമെന്നാണ് ജോഷി ചോദിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top