കരുവന്നുരിലെ മറ്റൊരു ലക്ഷാധിപതിയും ദരിദ്രനായി വിട പറഞ്ഞു, അയർലൻഡിൽ നിന്ന് ഭൗതിക ശരീരം കൊണ്ടു വരാൻ കാശില്ലാതെ കുടുംബം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ കാല്‍ക്കോടി രൂപ നിക്ഷേപമുണ്ടായിട്ടും ദാരിദ്ര്യമനുഭവിക്കേണ്ടിവന്ന വൃദ്ധന്‍റെ മൃതദേഹം അയര്‍ലന്‍ഡില്‍ നിന്ന് കൊണ്ടുവരാന്‍ തൃശ്ശൂര്‍ എം.പി യുടെ നേതൃത്വത്തില്‍ പണപ്പിരിവ്. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി ചിറ്റിലപ്പള്ളി വീട്ടില്‍ വിന്‍സന്റിന്റെ (72) മൃതദേഹം നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വിൻസന്റ് അയര്‍ലന്‍ഡിലെ ദ്രോഗഡയില്‍ വെച്ചാണ് മരണപ്പെട്ടത്.
ദീര്‍ഘകാലം രാജസ്ഥാനിലായിരുന്നു വിന്‍സന്റും നഴ്സായ ഭാര്യ താരയും ജോലി ചെയ്തിരുന്നത്. ഏതാണ്ട് 30 വര്‍ഷത്തോളം ഇവര്‍ ജോലി ചെയ്ത ശേഷം 2002ലാണ് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയത്. വിരമിക്കലിന്‍റെ ഭാഗമായി സമ്പാദ്യമത്രയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനൊപ്പം ചെറിയൊരു ഫോട്ടോസ്റ്റാറ്റ് കടയും ഇദ്ദേഹം നടത്തിയിരുന്നു. നിക്ഷേപത്തില്‍ നിന്ന് മുതലും പലിശയുമൊന്നും ലഭിക്കാതെ വന്നതോടെ നഴ്സായ ഭാര്യ അയര്‍ലന്‍ഡിലേക്ക് പോയി. പിന്നാലെ വിന്‍സന്റും അവിടെയെത്തി.
വിന്‍സന്റിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഏതാണ്ട് 12 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഇതിനാവശ്യമായ തുക ലഭിക്കുമെന്ന കാര്യത്തില്‍ ബാങ്കിന്‍റെ ഭാഗത്തുനിന്ന് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് വിന്‍സന്റിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അയര്‍ലന്‍ഡിലെ മലയാളി സമൂഹം സഹായങ്ങളുമായി രംഗത്തുണ്ട്.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയ്ക്ക് ഏറെ നാളായി പലിശ ലഭിക്കാതിരുന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ജീവിത സമ്പാദ്യമെല്ലാം നഷ്ടപ്പെടുമോ എന്ന ഭയം വിന്‍സന്റിനെ വിഷാദ രോഗിയാക്കി. ഇതിനിടെ രണ്ടുതവണ സ്ട്രോക്ക് വന്നു. രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിലായിരിക്കെയാണ് മരണപ്പെട്ടത്. കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സയോ മറ്റു സൗകര്യങ്ങളോ ലഭിക്കാതെ മരിച്ച ഏഴാമത്തെ ആളാണ് വിന്‍സന്‍റ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here