പാര്‍ട്ടി അക്കൗണ്ടിലെ വന്‍തുക തൃശൂര്‍ ജില്ലാ സെക്രട്ടറി പിന്‍വലിച്ചു; തുക റിട്ടേണിൽ രേഖപ്പെടുത്തിയില്ല; വർഗീസിനെ ആദായനികുതി വകുപ്പും ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ ആദായനികുതി വകുപ്പും ഇന്നലെ ചോദ്യം ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് നടപടി. ദേശസാത്കൃത ബാങ്കിന്റെ തൃശൂരിലെ ശാഖയിൽ നിന്ന് വൻതുക പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ ചോദ്യംചെയ്യൽ.
പിൻവലിച്ച തുക സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാർട്ടി നൽകിയ റിട്ടേണിൽ ഈ ഇടപാട് രേഖപ്പെടുത്തിയിട്ടില്ല. രാത്രി വൈകിയും വര്‍ഗീസിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. നാലാം തവണയാണ് വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കൗൺസിലറുമായ പി.കെ. ഷാജനെയും ഇഡി ഇന്നലെ ചോദ്യം ചെയ്തു. ഷാജനെ രാത്രി പത്തോടെ വിട്ടയച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം ജില്ലാ കമ്മിറ്റിയുടെ കമ്മിഷനിൽ അംഗമായിരുന്നു ഷാജൻ. കമ്മിഷൻ അംഗമായിരുന്ന മുൻ എം.പി പി.കെ.ബിജുവിനെ വ്യാഴാഴ്ച ഇഡി ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ബിജുവിന് നോട്ടീസ് നൽകിയിട്ടുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here