കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇടതു സഹകാരിമാര്‍ച്ച് വിനയാകും; ഉദ്ഘാടനം ചെയ്യുന്നത് പി.കെ.ബിജു; മുൻ എംപിയെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് അയക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇടപാടിൽ ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇഎംഎസ് സ്ക്വയറിൽ നടക്കുന്ന സഹകാരിമാർച്ചും പ്രതിഷേധ സംഗമവും സിപിഎമ്മിനു തന്നെ വിനയാകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി നിൽക്കുന്ന മുൻ എംപി പി.കെ. ബിജുവാണ് പരിപാടിയുടെ ഉദ്ഘാടകൻ.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി.കെ. ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ്കുമാറിന്, ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്.

ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ മുൻ എംപി പി.കെ. ബിജുവാണെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര വെളിപ്പെടുത്തിയിരുന്നു. മുഖ്യ പ്രതിയായ സതീഷ്കുമാറിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സിപിഎം അംഗം കെ.എ. ജിജോറിന്റെ മൊഴികളിൽ നിന്നാണ് മുൻ എംപിയുടെ റോളിനെക്കുറിച്ച്‌ വിവരങ്ങൾ പുറത്തുവന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ അംഗമായിരുന്നു പി.കെ. ബിജു. എന്നാൽ താൻ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ അംഗമല്ലെന്നായിരുന്നു ബിജു പത്രസമ്മേളനം നടത്തി പറഞ്ഞത്. എന്നാൽ അതിനു തൊട്ടുപിന്നാലെ ബിജു കമ്മിഷനംഗമാണെന്ന പാർട്ടി രേഖകൾ സഹിതം പുറത്തു വിട്ടുകൊണ്ട് അനിൽ അക്കര സിപിഎമ്മിനെയും ബിജുവിനെയും ഞെട്ടിച്ചുകളഞ്ഞു. ബിജുവിനു കൂടി ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം സർക്കാരിനെയും പാർട്ടിയേയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ ആക്ഷേപങ്ങളും ആരോപണങ്ങളും നിലനിൽക്കുമ്പോഴാണ് ഇടതുമുന്നണി വിശദീകരണ യോഗം തൃശൂരിൽ നടത്തുന്നത്.

പി.കെ. ബിജുവും പി.കെ. ഷാജനും അന്വേഷണം നടത്തി ബാങ്കിന്റെ ഭരണസമിതിയംഗങ്ങൾക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തെന്ന് കാണിച്ച് പാർട്ടി ജില്ലാ സെക്രട്ടറി എം.എം. വർഗീസ് 2021 ജൂലായ് ആറിനയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്.

അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഒരാഴ്‌ച അനുവദിച്ചുകൊണ്ടുള്ള കത്താണിത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതി അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ എന്നിവരെ പാർട്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ വിവരമാണ് കത്തിലുള്ളത്.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ സാന്നിധ്യത്തിൽ 2021 ജൂൺ 19-ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം റിപ്പോർട്ട് അംഗീകരിച്ചു- എന്നാണ് കത്ത് ആരംഭിക്കുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇവരെല്ലാം പിന്നീട് കരുവന്നൂർ കേസിൽ പ്രതികളുമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top