കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മൊയ്തീനെ പ്രതിചേർക്കാൻ ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി.മൊയ്തീനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മൊയ്തീനെതിരായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്.

തട്ടിപ്പ് കേസ് പ്രതി പി.സതീഷ്കുമാറിന് കണ്ണൂരിലും നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കണ്ണൂർ പേരാവൂരിലെ ഒരു സഹകരണ സൊസൈറ്റിയിൽ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. നിക്ഷേപങ്ങൾക്കൊന്നിനും കെവൈസി ഇല്ലെന്നാണ് വിവരം. തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി നേരത്തെ ഇഡി വെളിപ്പെടുത്തിയിരുന്നു. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാൻ പിടിച്ചത്. സതീശന്റെ ബഹ്റിനിൽ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരൻ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികൾ സതീഷ്കുമാർ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശൻ പണം നിക്ഷേപിച്ചുവെന്നും ഇഡി കോടതിയിൽ വെളിപ്പെടുത്തി.

പി. സതീശന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും സതീശന് വിദേശത്ത് സ്പെയർപാർട്സ് കടയും സൂപ്പർമാർക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഹവാല ഇടപാടിൽ സഹായികളെന്നും കൂട്ടിച്ചേർത്തു.

വിവിധ ഇടങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ 25 കോടി രൂപയുടെ രേഖകളാണ് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു.

തട്ടിപ്പു കേസിൽ അറസ്റ്റിലായ സതീശനുൾപ്പടെയുള്ള പ്രതികളിൽ നിന്നു പിടിച്ചെടുത്ത രേഖകളാണ് നിർണ്ണായകമായത്. കൂടുതൽ ചോദ്യംചെയ്യലിൽ രാഷ്ട്രീയ പ്രമുഖരുടെ പേരുവിവരങ്ങൾ പുറത്തുവന്നാൽ വലിയ വിവാദങ്ങൾക്ക് വഴി തെളിക്കും. നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള അൻപതോളം സഹകരണ ബാങ്കുകൾ സംശയത്തിന്റെ നിഴലിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top