അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട്; 63 ലക്ഷത്തിന്റെ പണമിടപാട് വിവരങ്ങൾ നൽകിയത് ബാങ്ക് സെക്രട്ടറിയെന്ന് ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ജയിലിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്‍റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് ബാങ്ക് സെക്രട്ടറിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യം ഇഡി കോടതിയില്‍ അറിയിച്ചു.
പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലാണ് അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ 63 ലക്ഷത്തിന്റെ പണമിടപാട് നടന്നത്. ഇതിന്‍റെ ബാങ്ക് സ്റ്റേറ്റ്മെന്‍റും ഇഡി കോടതിയില്‍ നല്‍കി. അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി അയച്ച ഇ-മെയില്‍ സന്ദേശത്തിനു ബാങ്ക് സെക്രട്ടറിയാണ് ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും സ്റ്റേറ്റ്മെന്റും നല്‍കിയത്.

അരവിന്ദാക്ഷന്‍റെ അമ്മയുടെ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് 63.56 ലക്ഷം രൂപ എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു . പ്രതിമാസം 1,600 രൂപ മാത്രമാണ് അരവിന്ദാക്ഷന്‍റെ അമ്മയ്ക്ക് പെൻഷനായി ലഭിക്കുന്നത്.
അക്കൗണ്ടിലെ നോമിനി ‘മകന്‍ ശ്രീജിത്ത്’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവര്‍ക്ക് അങ്ങനൊരു മകനില്ല. ഇത് മുഖ്യപ്രതി സതീഷ് കുമാറിന്റെ അനുജന്‍ ശ്രീജിത്തിന്റെ പേരിലാണെന്നു ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ട് വ്യാജമാണെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കും സിപിഎം നേതാക്കളും വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിനെ തന്നെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഇഡി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here