അരവിന്ദാക്ഷന് പിറകെ മധു കൂടി കുടുങ്ങുമോ? സിപിഎം കൗണ്‍സിലര്‍ മധുവിനും ഇഡി നോട്ടീസ്

തൃശൂര്‍: കരുവന്നൂര്‍ കേസില്‍ ഇപ്പോള്‍ ജയിലിലുള്ള പി.ആര്‍. അരവിന്ദാക്ഷന് പുറമേ, മറ്റൊരു കൗണ്‍സിലറായ മധുവിനും സതീഷ്‌കുമാറുമായി ബന്ധമുണ്ടെന്നും വായ്പ്പാത്തട്ടിപ്പിന് ഇടനിലനിന്നിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തല്‍. അരവിന്ദാക്ഷന്‍ ജയിലില്‍ ആയിരിക്കെ മധുവും അറസ്റ്റിലാകാനുള്ള സാധ്യത ഏറെയാണ്. അരവിന്ദാക്ഷന്‍ ചെയ്ത കുറ്റം തന്നെയാണ് മധുവും ചെയ്തതെന്നാണ് ഇഡി പറയുന്നത്.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ മധു അമ്പലപ്പുറത്തിന് ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് നോട്ടീസ് നല്‍കുന്നത്. അതുകൊണ്ട് തന്നെ മധുവിനെ സംബന്ധിച്ച് ഇഡി ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്.
അതേസമയം സതീഷ്‌കുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും ഇഡി പരിശോധിക്കുന്നുണ്ട്. ബന്ധപ്പെട്ട ഏതെങ്കിലും അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അവരെല്ലാം പ്രതികള്‍ ആക്കാനും സാധ്യതയുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ പ്രധാന പ്രതി സതീഷ് കുമാറിന് കുഴല്‍പ്പണ ഇടപാട് സംഘങ്ങളുമായും ബന്ധമെന്ന് ഇഡി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
രണ്ട് പേരുടെ അക്കൗണ്ടുകളിലേക്ക് സതീഷ് കുമാറിന്റെ അക്കൗണ്ടില്‍ നിന്നും പണം പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നാണ് സൂചന. ജയരാജന്‍ പി, മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വഴി സതീഷ്‌കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇവര്‍ ആരാണെന്ന് ഇ.ഡി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ സതീഷ്‌കുമാറിന്റെ ബന്ധുവാണെന്നാണ് സൂചന. സതീഷിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here