കണ്‍സോര്‍ഷ്യവുമായി സഹകരിക്കാന്‍ കേരള ബാങ്കിന് കഴിയില്ല; ഗ്യാരണ്ടിയ്ക്ക് സര്‍ക്കാരിനും കഴിയില്ല; മുഖ്യമന്ത്രി പ്രഖ്യാപിച്ച സമഗ്ര പാക്കേജും പാളി; കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമോ?

തൃശൂര്‍: 300 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമോ? കേരളത്തെ ഞെട്ടിച്ച സഹകരണ കൊള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് രണ്ടു വര്‍ഷത്തിന് ശേഷം ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണിത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം പൊളിഞ്ഞതോടെയാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പോയത്.

കണ്‍സോര്‍ഷ്യം നല്‍കുന്ന വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് കണ്‍സോര്‍ഷ്യം രൂപീകരണത്തിന് തിരിച്ചടിയായത്. കണ്‍സോര്‍ഷ്യത്തിന് ഗ്യാരണ്ടി നില്‍ക്കാന്‍ സര്‍ക്കാരിന് ഒരു തടസവുമില്ലെന്ന് സഹകരണമന്ത്രിയുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞപ്പോള്‍ കണ്‍സോര്‍ഷ്യം നല്‍കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലെന്നാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. കരുവന്നൂര്‍ പ്രശ്നത്തില്‍ പരസ്പരവിരുദ്ധമായ അഭിപ്രായമാണ് മന്ത്രിയുടെ ഓഫീസും കേരള ബാങ്ക് അധികൃതരും സഹകരണ വകുപ്പും നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ കരുവന്നൂര്‍ പാക്കേജ് വഴി നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ പോകുന്നില്ല.

എന്താണ് കണ്‍സോര്‍ഷ്യത്തിന്റെ നിലവിലെ അവസ്ഥ? സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം വഴി 100 കോടി സമാഹരിക്കാനാണ് തീരുമാനിച്ചത്. കേരള ബാങ്കിന്റെ നേതൃത്വത്തില്‍ തൃശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തിയാണ് കൺസോർഷ്യം രൂപീകരിച്ചത്. 250 കോടിയോളം രൂപ തിരികെ നല്‍കാനുള്ളപ്പോഴാണ് 100 കോടിയുടെ സമാഹരണം തീരുമാനിച്ചത്. എന്നാല്‍ 100 കോടി രൂപയും സമാഹരിക്കാന്‍ കഴിഞ്ഞില്ല. കണ്‍സോര്‍ഷ്യം നല്‍കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതായതോടെ കണ്‍സോര്‍ഷ്യത്തിന്റെ നില പരുങ്ങലിലായി.

സര്‍ക്കാര്‍ ഗ്യാരണ്ടി ഇല്ലാത്ത പ്രശ്നവും, റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ വിലങ്ങ് തടിയായ പ്രശ്നവും മുന്നില്‍ വന്നപ്പോള്‍ കേരള ബാങ്ക് ആദ്യം തന്നെ പിന്മാറി. സഹകരണ ബാങ്കുകളും തുക നല്‍കാന്‍ വിസമ്മതിച്ചു. വിചിത്രമായ അവസ്ഥയാണ് കണ്‍സോര്‍ഷ്യത്തിന് വന്ന് പെട്ടത്. വിശ്വസനീയമായ വിവരങ്ങള്‍ ഇങ്ങനെ: സമാഹരിക്കാന്‍ ആദ്യം തീരുമാനിച്ചത് 100കോടി രൂപയായിരുന്നു. കണ്‍സോര്‍ഷ്യം വന്നപ്പോള്‍ അത് 50 കോടി രൂപയായി ചുരുങ്ങി. കേരള ബാങ്ക് പിന്മാറിയതോടെ 20 കോടിയായി ചുരുങ്ങി. ഇപ്പോള്‍ ആകെ ശേഖരിച്ചത് 10 കോടി രൂപയാണ്. ഈ 10 കോടി നിക്ഷേപകര്‍ക്കുള്ളതല്ല, ബാങ്കിന്റെ പ്രവര്‍ത്തന ചെലവുകളുമായി ബന്ധപ്പെട്ടാണ് ഈ തുക ഉപയോഗിക്കാന്‍ പോകുന്നത്.

‘സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം പാളിപ്പോയി എന്നുള്ളത് തെറ്റായ വാര്‍ത്തയാണ്’-സഹകരണമന്ത്രി വി.എന്‍.വാസവന്റെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ‘ഇഡി വന്ന് നടപടികള്‍ സ്വീകരിച്ചതോടെയാണ് കണ്‍സോര്‍ഷ്യം നടപടികള്‍ പാതിവഴിയിലാകാന്‍ കാരണം. കണ്‍സോര്‍ഷ്യം നല്‍കുന്ന പണത്തിനു സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ഗ്യാരണ്ടി നില്‍ക്കില്ലെന്ന വാര്‍ത്ത‍കള്‍ക്ക് അടിസ്ഥാനമില്ല. ധനവകുപ്പ് തീരുമാനമെടുത്താല്‍ ഗ്യാരണ്ടി നില്‍ക്കാന്‍ തടസമില്ല. അല്ലാതെ അതിന് പ്രത്യേകിച്ച് നിയമഭേദഗതിയൊന്നും ആവശ്യമില്ല. പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ന്നതോടെയാണ് പരിഹാരം അകലെയായത്’-മന്ത്രിയുടെ ഓഫീസ് വിശദമാക്കുന്നു.

‘കരുവന്നൂരിനായി രൂപീകരിച്ച ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും കേരള ബാങ്ക് പിന്മാറി എന്ന വാര്‍ത്ത തെറ്റാണ്. കണ്‍സോര്‍ഷ്യവുമായി മുന്നോട്ട് പോകുന്നതില്‍ ഞങ്ങള്‍ക്ക് ചില തടസങ്ങളുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമാണ് കാരണം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 100 കോടിയല്ല. 50 കോടിയാണ് കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ചത്. സഹകരണബാങ്ക് കണ്‍സോര്‍ഷ്യം നല്‍കുന്ന പണത്തിന് സര്‍ക്കാരിനു ഗ്യാരണ്ടി നില്‍ക്കാന്‍ കഴിയില്ല’- കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍ പറയുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ മേഖലയിലെ കറുത്ത പാടായി തുടരുമ്പോള്‍ അയ്യന്തോള്‍, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ ഇഡി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുൾപ്പെടെ 10 സഹകരണ ബാങ്കുകൾ ഇഡിയുടെ സൂക്ഷ്മനിരീക്ഷണത്തിലുമാണ്. സഹകരണബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകുമെന്ന് തോന്നി നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചാല്‍ കേരളത്തിലെ സഹകരണ മേഖലയുടെ മരണമണി തന്നെയാകും മുഴങ്ങാന്‍ പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top