പണം നല്‍കുക കേരള ബാങ്കിന് എളുപ്പമല്ല; കരുതല്‍ ധനം തിരിച്ച് വിടുന്നതിലും എതിര്‍പ്പ്; കരുവന്നൂര്‍ പ്രശ്നപരിഹാരം അകലെയോ? നിര്‍ണ്ണായക യോഗം ഇന്ന്

കൊച്ചി: കരുവന്നൂരിലെ കോടികളുടെ ബാങ്ക് തട്ടിപ്പ് സര്‍ക്കാരിനും സിപിഎമ്മിനും വന്‍ തിരിച്ചടിയായിരിക്കെ പ്രശ്നപരിഹാരത്തിന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിളിക്കുന്ന നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സഹകരണ വകുപ്പിന്‍റെയും കേരള ബാങ്കിന്‍റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഒരു തീര്‍പ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

കരുവന്നൂരില്‍ പ്രശ്നപരിഹാരം എളുപ്പമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കെ ഏതെങ്കിലും വിധത്തില്‍ തീര്‍പ്പുണ്ടാക്കാനാണ് യോഗത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയിലെ പ്രമുഖരെക്കൂടി യോഗത്തില്‍ പങ്കെടുപ്പിക്കുന്നത് ഈ ലക്ഷ്യംവെച്ചാണ്.

റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേരള ബാങ്കിന് കരുവന്നൂരിന് പണം കൊടുക്കുക എളുപ്പമല്ല. 100 കോടി രൂപ കേരള ബാങ്കില്‍ നിന്നും കരുവന്നൂരിന് നല്‍കാനാണ് നീക്കം. എന്നാല്‍ കരുവന്നൂരിന് ധനസഹായം നൽകാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നാണ് കേരള ബാങ്ക് അറിയിച്ചിട്ടുള്ളത്.

റിസര്‍വ് ബാങ്ക് ചട്ടം തടസമാണെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം വന്നാല്‍ പണം കൊടുക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതാരും ഗൗരവത്തില്‍ പോലും എടുക്കുന്നില്ല. റിസര്‍വ് ബാങ്കും നബാര്‍ഡും ഉയര്‍ത്താനിടയുള്ള തടസങ്ങള്‍ മുന്നിലുള്ളതിനാലാണിത്. കേരളാ ബാങ്കിലെ കരുതൽ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്‍റെ സാങ്കേതിക തടസങ്ങളും നിയമവശവും ഇന്നത്തെ യോഗത്തില്‍ പരിഗണനയ്ക്കു വരും.

സഹകരണ ബാങ്കുകള്‍ പണം നല്‍കിയാലും അതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കേണ്ടി വരും. സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതെ പണം നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്കും വിമുഖതയുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരം എളുപ്പമല്ല.

കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങൾ തിരിച്ച് നൽകുന്നതിന്‌ സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരരള ബാങ്കിൽ നിന്ന് പണം എത്തുന്ന മുറയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാമെന്ന വ്യവസ്ഥയാണ് ആലോചിക്കുന്നത്. സഹകരണ സംഘത്തിന്‍റെ കരുതൽ ധനമായതിനാൽ സംഘങ്ങളുടെ അനുമതിയും സഹകരണ നിയമഭേദഗതിയുടെ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കണം. ഇതെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനുള്ളിലും കൂടിയാലോചനകൾ നടക്കുന്നുണ്ട്. പക്ഷെ പ്രശ്നപരിഹാരമൊന്നും ഉരുത്തിരിഞ്ഞ്‌ വന്നിട്ടില്ല. നടപടികളുമായി ഇഡി മുന്നോട്ട് പോവുകയുമാണ്‌. കരുവന്നൂർതട്ടിപ്പില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥരായ മുൻ എസ്.പി കെ.എം ആന്‍റണി, മുൻ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ് എന്നിവർക്കാണ് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ ഇന്ന് ഇഡി ചോദ്യം കേസിലെ ഒന്നാംപ്രതി സതീഷ് കുമാറും ആയിട്ടുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top