കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ഇഡി; കണ്ടുകെട്ടിയ തുക ഇതിനായി ഉപയോഗിക്കാമെന്ന് സത്യവാങ്മൂലം; നടപടി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ

കൊച്ചി: കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് ആശ്വാസകരമായ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ്. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്നാണ് ഇഡിയുടെ നിര്‍ദേശം. ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹർജിയിലാണ് ഇഡി സത്യവാങ്മൂലം നൽകിയത്.

നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടി കരുവന്നൂർ ബാങ്കിന് സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് പിഎംഎൽഎ കോടതിയില്‍ ഇഡി അറിയിച്ചു. കേസിൽ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇതുവരെ കണ്ടുകെട്ടിയത്.

കരുവന്നൂരില്‍ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എൻ.സരസു ഈ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന് അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇന്ന് കുന്നംകുളത്ത് നടത്തിയ പ്രസംഗത്തിലും നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ ഏതറ്റം വരെയും കേന്ദ്ര സര്‍ക്കാര്‍ പോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് കോടതിയില്‍ ഇഡി സത്യവാങ്മൂലവും നല്‍കിയത്.

കാലാവധി അവസാനിച്ച സ്ഥിരം നിക്ഷേപ അക്കൗണ്ട് ഉടമകള്‍ക്ക് പണം തിരികെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടി വന്നിട്ടില്ല. കരുവന്നൂര്‍ ബാങ്കില്‍ ആകെ 23,688 സ്ഥിരം നിക്ഷേപ അക്കൗണ്ടുകളാണുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top