ഡൽഹിക്ക് ശേഷം ഇ.ഡി. കരുവന്നൂരിലേക്കോ; ഹൈക്കോടതിയുടെ വിമര്‍ശനം മുതലെടുത്ത് ആഞ്ഞടിക്കാന്‍ സാധ്യത; മുഖ്യമന്ത്രി അതിവേഗം തൃശൂരിലെത്തിയത് മുന്നറിയിപ്പുമായി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ സിപിഎം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരിലെത്തി സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. കേസില്‍ പ്രതിസ്ഥാനത്തുള്ള സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും പാര്‍ട്ടി നല്‍കും. ഇതിനുള്ള നിര്‍ദ്ദേശം ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നല്‍കി. തൃശൂരിലെത്തിയ മുഖ്യമന്ത്രി കരുവന്നൂര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി. മറ്റൊരു ഔദ്യോഗിക പരിപാടിയും ഇല്ലാതെയാണ് പിണറായി തൃശൂരിൽ എത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയത് ഇഡിയുടെ അടുത്ത ലക്ഷ്യം തൃശൂരാണെന്നാണ് സിപിഎം വിലയിരുത്തല്‍.

ഇതുവരെയുള്ള സാഹചര്യം മാറിയേക്കാമെന്ന് സിപിഎം കരുതുന്നത് രണ്ട് കാര്യങ്ങൾ മുൻനിർത്തി. ഒന്ന്, കേജ്‌രിവാളിൻ്റെ അറസ്റ്റ് പോലെ കടുത്ത നടപടിയിലേക്ക് കടക്കാൻ ഇഡി മടിക്കുന്നില്ല എന്നത്. രണ്ട്, ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയിൽ നിന്ന് ഇഡിക്ക് കിട്ടിയിട്ടുള്ള ‘ഫ്രീഹാൻഡ്’. കരുവന്നൂര്‍ ക്രമക്കേടില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അന്വേഷണം അന്യായമായി വൈകാൻ പാടില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇഡി എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു. ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഇനിയെന്തും ഇഡിക്ക് ചെയ്യാമെന്നാണ് സിപിഎം വിലയിരുത്തുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ ഒരാളായ അലി സ്രാബി സമര്‍പ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അലി സ്രാബിയുടെ കേസിലെ കുറ്റപത്രം ഹാജരാക്കാൻ നിർദേശിച്ച കോടതി രണ്ടാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കാൻ വച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നുണ്ടായ ഈ ഇടപെടലുകളുടെ മറവിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ ഇഡി നടത്തുമെന്നാണ് സിപിഎം മുന്‍കൂട്ടി കാണുന്നത്.

തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ എന്തു കളിയും ബിജെപി ദേശീയ നേതൃത്വം നടത്തും. അതുകൊണ്ട് എല്ലാവരും കരുതല്‍ എടുക്കണം. മുതിര്‍ന്ന നേതാക്കളെ അറസ്റ്റു ചെയ്താല്‍ അതിവേഗ പ്രതിരോധവും പ്രതിഷേധവും ഉണ്ടാകണം. ആരേയും ഇഡിക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. ഇതിനൊപ്പം എക്‌സോലോജിക് വിഷയത്തിലും കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സിപിഎം സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സോലോജിക്കിനെതിരായ അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് നടത്തുന്നത്. അറസ്റ്റിന് അധികാരമുള്ള സംവിധാനമാണ്. അതുകൊണ്ടു തന്നെ ഈ കേസിലും തിരഞ്ഞെടുപ്പ് കാലത്ത് കടുത്ത നടപടികൾ സിപിഎം മുൻകൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ അറസ്റ്റിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം തയ്യാറായത്. അത്ര ഗൌരവത്തിലാണ് ഈ സാഹചര്യത്തെ സിപിഎം കാണുന്നത്.

കേരളത്തില്‍ സിപിഎം-ബിജെപി ബാന്ധവമെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ഇത് ബിജെപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. അത്തരൊരു കൂട്ടുകെട്ടില്ലെന്ന് വരുത്താന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിലാണ് കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ആരോപണവിധേയരായ നേതാക്കളുമായി തൃശൂരിൽ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. എ.സി. മൊയ്തീന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ എന്നിവരെയാണ് കണ്ട് ചർച്ച നടത്തിയത്. സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു മുഖ്യമന്ത്രി മൂന്നുപേരേയും കണ്ടത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

സിപിഎം നേതാവ് പി.കെ ബിജുവും ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നേതാക്കള്‍ക്കു നല്‍കി. അടിയന്തര കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി എത്തുന്നുവെന്ന അറിയിപ്പ് രാവിലെ മാത്രമാണ് നേതാക്കള്‍ക്കു ലഭിച്ചത്. തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് മറ്റുപരിപാടികളൊന്നും ഉണ്ടായിരുന്നില്ല. എല്ലാ കാര്യവും പിണറായി വിശദമായി സംസാരിച്ചുവെന്നാണ് സൂചന. ഭയക്കരുതെന്ന് മൊയ്തീനോടും കണ്ണനോടും പിണറായി പറഞ്ഞു. എല്ലാത്തിനും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന സന്ദേശവും നല്‍കി.

അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് നടപടികളിലൂടെയാണെന്ന് തന്നെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇഡിയെ ഓർമപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം എല്ലായ്‌പോഴും നീട്ടാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം ആളുകളെ ബാധിക്കുന്ന വിഷയമാണിത്. അവര്‍ക്ക് എന്ത് ഉറപ്പാണ് കൊടുക്കുക. അന്വേഷണത്തിന് സമയക്രമം ഉണ്ടാകണമെന്നും ഹൈകോടതി വ്യക്തമാക്കിയത് ഫലത്തിൽ സിപിഎമ്മിന് കുരുക്കാകുന്ന സ്ഥിതിയാണ്. കരുവന്നൂര്‍ കേസിന്റെ അന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് തിങ്കളാഴ്ച ഇഡി മറുപടി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top