കരുവന്നൂർ തട്ടിപ്പ്: 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 57.75 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയവരുടെ ഭൂസ്വത്തുക്കളും ബിനാമി നിക്ഷേപങ്ങളും ഉൾപ്പെടെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം (പ.എൽഎം.എ) അനുസരിച്ച് കണ്ടുകെട്ടിയത്. ഇതുവരെ ആകെ 87.75 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചു.
117 വസ്തുവകകളും 11 വാഹനങ്ങളുമാണ് അന്വേഷണ ഏജൻസി കണ്ടു കെട്ടിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. 92 അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലൻസുകളും ഇഡി കണ്ടുകെട്ടി.
സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി നൽകാനാണ് ഇഡിയുടെ തീരുമാനം. കേസിൽ അറസ്റ്റിലായ പി. സതീഷ്കുമാർ, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമീഷൻ ഏജന്റ് പി.പി. കിരൺ, വ്യാജപ്പേരിലും വ്യാജരേഖകൾ ഉപയോഗിച്ചും വായ്പയെടുത്തവർ തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അതേ സമയം, സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്തു. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനും ഇ ഡി ഓഫീസിലെത്തി രേഖകൾ ഹാജരാക്കി. അറസ്റ്റിലായ പി.പി. കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദീപക്കിന്റെ കൊച്ചിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാറും വീണ്ടും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here