കരുവന്നൂരിലേത് 500 കോടിയുടെ തട്ടിപ്പല്ല, 103 കോടിയുടെ ബെനാമി ലോൺ ക്രമക്കേടെന്ന് പി.ജയരാജന്‍
ആലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 500 കോടിയുടെ തട്ടിപ്പല്ലെന്നും 103 കോടിയുടെ ബെനാമി ലോൺ നൽകിയ ക്രമക്കേടാണെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതു കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണെന്നും ജയരാജൻ പറഞ്ഞു.
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി. ചിത്തരഞ്ജൻ എംഎൽഎ നയിക്കുന്ന കാൽനട ജാഥയുടെ ഇന്നലത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ പണം കണ്ടുകെട്ടി കേന്ദ്ര ഖജനാവിലേക്കു കൊണ്ടുപോകാനാണ് ഇഡിയുടെ ശ്രമം. 2024 ലും ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന അവർ തകർക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ ജനങ്ങളെ വിഭജിക്കാമെന്നത് മാത്രമാണ് ബിജെപിയുടെ ചിന്ത.
രാജ്യത്ത് വർഗീയ കലാപം ഉണ്ടാകുമ്പോൾ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് പരശുരാമ ജയന്തിയുടെ പേരിൽ ന്യൂനപക്ഷങ്ങളെ ആക്രമിച്ചത്. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഇന്ത്യ മുന്നണി എന്ന പൊതുവേദി നല്ല കാര്യമാണ്. സിപിഎം അതിനെ അനുകൂലിക്കുന്നു. എന്നാൽ കോൺഗ്രസിന്റെ ഈ ചാഞ്ചാട്ട നിലപാട് ഭരണപക്ഷത്തെ താഴെയിറക്കാൻ സഹായകരമാകുമോ എന്ന് ചിന്തിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here