സിപിഎമ്മിന്‍റെ സഹകരണ പിടിച്ചെടുക്കൽ; പത്തനംതിട്ടയിൽ നിക്ഷേപകർക്ക് പണം കൊടുക്കാത്ത 15 ബാങ്കിലും ഇടത് ഭരണം; ആർബിഐ ഇടപെട്ടിട്ടും ക്രമക്കേടുകൾക്ക് അറുതിയില്ല

ആർ. രാഹുൽ

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുന്നതായി ആരോപണം. കഴിഞ്ഞ ദിവസം 43 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഭരണം ഇടതുമുന്നണി പിടിച്ചെടുത്തതോടെയാണ് ആരോപണം വീണ്ടുമുയരുന്നത്. ഇത്തരത്തിൽ സിപിഎം ഭരണം പിടിച്ചെടുത്ത ബാങ്കുകളിലെല്ലാം കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പുകൾ നടക്കുന്നതായും യുഡിഎഫ് ആക്ഷേപിക്കുന്നു.

2016ൽ ഇടത് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ജില്ലയിൽ 17 ബാങ്കുകളാണ് അധികാര ദുർവിനിയോഗത്തിലൂടെയും അക്രമത്തിലൂടെയും പിടിച്ചെടുത്തതെന്ന് യുഡിഎഫ് നേതാക്കൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എല്‍ഡിഎഫ്‌ പിടിച്ചെടുത്ത ബാങ്കുകളില്‍ അഴിമതിയും വ്യാപക ക്രമക്കേടുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം ജില്ലയില്‍ 15 ബാങ്കുകളാണ് ക്രമക്കേടുകള്‍ നിമിത്തം നിക്ഷേപകർക്ക് പണം തിരിച്ചുനൽകാന്‍ കഴിയാത്ത അവസ്ഥയിലുള്ളത് . ഈ ബാങ്കുകൾ എല്ലാം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതും ഇപ്പോള്‍ എൽഡിഎഫ് അധികാരത്തിലിരിക്കുന്നതുമാണ്.

2016 ന് ശേഷം പത്തനംതിട്ട ജില്ലയിൽ എൽഡിഎഫ് പിടിച്ചെടുത്ത സഹകരണ ബാങ്കുകൾ

1. അടൂർ അർബൻ ബാങ്ക്

2. ഏറത്ത് എസ്.സി.ബി

3. പഴകുളം എസ്.സി.ബി

4. ഏനാത്ത് എസ്.സി.ബി

5. പറക്കോട് എസ്.സി.ബി

6. നെടുമൺ എസ്.സി.ബി

7.മേലുകര എസ്.സി.ബി

8.കുമ്പഴ വടക്ക് എസ്.സി.ബി

9. പുന്നക്കാട് എസ്.സി.ബി

10.വകയാർ എസ്.സി.ബി

11.അങ്ങാടി എസ്.സി.ബി

12.പമ്പാവാലി എസ്.സി.ബി

13.തിരുവല്ല ഈസ്റ്റ് അർബൻ ബാങ്ക്

14. തോട്ടപ്പുഴശേരി റീജിയണൽ എസ്.സി.ബി

15.കുറിയന്നൂർ എസ്.സി.ബി

16. കോട്ടാങ്ങൽ എസ്.സി.ബി

17.പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക്

ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് ബീഹാർ മോഡൽ ബൂത്ത് പിടുത്തത്തിലൂടെയാണ് സിപിഎം കഴിഞ്ഞ ദിവസം പത്തനംതിട്ട കാർഷിക ബാങ്ക് ഭരണം പിടിച്ചെടുത്തതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് മോഹൻരാജ് മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി. രണ്ടായിരം തിരിച്ചറിയൽ കാര്‍ഡുകള്‍ മാത്രമാണ് ഔദ്യോഗികമായി വിതരണം ചെയ്തത്. എന്നാൽ അയ്യായിരത്തോളം പേർ വോട്ട് ചെയ്യാനെത്തി. വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് 3000ലധികം പേർ വോട്ട് ചെയ്തത്.

വോട്ട് ചെയ്യാനെത്തുന്നവരുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റൊരു തിരിച്ചറിയൽ രേഖ കൂടി പരിശോധിക്കാൻ ചട്ടമുണ്ട്. എന്നാൽ കള്ളവോട്ട് ചെയ്യാൻ എത്തിയതാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരഞ്ഞെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥർ അത് ചെയ്തില്ല. ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഇലക്ഷൻ കേന്ദ്രങ്ങൾ നിയന്ത്രിച്ചതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

2021 ൽ യുഡിഎഫിൽ നിന്നും എൽഡിഎഫ് അധികാരം പിടിച്ചെടുത്ത തിരുവല്ല ഈസ്റ്റ് അർബൻ സഹകരണ ബാങ്കും ഇന്ന് തകർച്ചയുടെ വക്കിലാണ്. തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായതായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ റിപ്പോർട്ട് നൽകിയിരുന്നു.18 മുതൽ 25 വരെ പ്രായമുള്ള നൂറുകണക്കിന് അംഗത്വമില്ലാത്തവര്‍ വോട്ട് ചെയ്തതായി നിരീക്ഷകന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട് . കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുകൾക്ക് സമാനമായ ക്രമക്കേടുകൾ ഇവിടെയും നടന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു.

മധ്യതിരുവിതാംകൂറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിക്ഷേപകരുള്ള ബാങ്കാണ് തിരുവല്ല ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്. സംസ്ഥാനത്ത് റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ച സഹകരണ ബാങ്കുകളിൽ ഒന്നായ ഇവിടെ വായ്‌പകൾ നൽകുന്നതും ആയി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. തുടർന്ന് ബാങ്കിൻ്റെ 18 ശാഖകളിൽ നിന്നുള്ള സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെ എല്ലാ ലോണുകളും നിര്‍ത്തിവയ്ക്കാൻ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 20, 22, ജൂലൈ 2 തീയതികളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് എല്ലാ വായ്പകളും നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. ബാങ്കിലെ ക്രമക്കേടുകൾ പുറത്ത് വന്നതോടെ നിക്ഷേപകരും ആശങ്കയിലായി. ഏതാണ്ട് 75 കോടിയോളം രൂപയാണ് നിക്ഷേപകർ അടുത്തിടെ ഇവിടെ നിന്നും പിൻവലിച്ചത്. ഇതും ബാങ്കിൻ്റെ തകർച്ചയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ എങ്ങനെ പൊളിയുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കും. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ബാങ്കിൽ വായ്പ നല്‍കുന്നത് എന്നാണ് റിസർവ് ബാങ്കിൻ്റെ കണ്ടെത്തൽ.ബാങ്ക് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന വായ്പാ നയങ്ങള്‍ മറികടന്നാണ് വായ്പ നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാങ്കില്‍ നിഷ്‌ക്രിയ ആസ്തികള്‍ കൂടിയെന്നും വരുമാനം കുറയുകയും ചെയ്തുവെന്നും റിസർവ് ബാങ്ക് കണ്ടെത്തി. വായ്പകള്‍ നല്‍കിയതു നിയമാനുസൃതം അല്ലെന്നും പരിശോധയിൽ തെളിഞ്ഞു. എൽഡിഎഫ് ഭരണത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് തട്ടിപ്പുകൾ ഏറെയും നടന്നത്. ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കള്‍ക്ക് പലിശ കുറവുള്ള വായ്പ, മൂന്നുപേര്‍ വരെയുള്ള യൂണിറ്റുകള്‍ക്ക് 50,000 വരെയുള്ള വായ്പ എന്നിവ നല്‍കിയതില്‍വ്യാപകമായ ക്രമക്കേടുകളാണ് റിസർവ് ബാങ്ക് പരിശോധനയിൽ കണ്ടെത്തിയത്. 2021 നവംബർ 8 ന് പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് ശേഷമാണ് ക്രമക്കേടുകൾ അധികവും നടന്നിട്ടുള്ളത്.

ബാങ്കിൽ അംഗത്വമില്ലാത്ത നൂറു കണക്കിന് സിപിഎമ്മുകാരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കി പോലീസിനെ നിഷ്ക്രിയമാക്കായാണ് തിരുവല്ല ഈസ്റ്റ് ബാങ്കിലും ഇടത് മുന്നണി അധികാരം പിടിച്ചതെന്ന് ബാങ്ക് മുൻ പ്രസിഡൻ്റ് അഡ്വ. റെജി തോമസ് പറഞ്ഞു. വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് കളളവോട്ട് ചെയ്ത് അക്രമത്തിലൂടെയാണ് ബാങ്ക് ഭരണം പിടിച്ചത്. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിംഗ് നടത്താനെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശവും പാലിക്കപ്പെട്ടിരുന്നില്ലെന്നും റെജി തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ ജൂണിൽ നടന്ന അടൂര്‍- ഏറത്ത് സർവീസ് സഹകരണ ബാങ്കിൻ്റെ തിരഞ്ഞെടുപ്പിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായും ഹൈക്കോടതി നിയമിച്ച നിരീക്ഷക നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം അനുകൂലികളായ വോട്ടർമാർ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പത്തനംതിട്ട കാർഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജയത്തോടെ കേരള കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഭരണത്തിൽ നിന്നും യുഡിഎഫിനെ പുറത്താക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കും. കേരളത്തിലെ 77 കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ 39 എണ്ണത്തിന്റെ ഭരണമാണ് എൽഡിഎഫിന്‌ ലഭിച്ചത്‌. നിലവില്‍ യുഡിഎഫിന് 38 ബാങ്കുകളില്‍ ഭരണമുണ്ട്.

കരുവന്നൂരിനോട് കിടപിടിക്കുന്ന തരത്തിൽ ജില്ലയില്‍ തട്ടിപ്പ് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലും സിപിഎം ഭരണമാണ്. ഈ ബാങ്കിൽ 86.12 കോടിയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഉണ്ട്. വ്യാജരേഖ ചമച്ച് ബിനാമി വായ്പകൾ എടുത്തവരാണ് ഏറെയും. ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യൂ തന്നെ 18.83 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ബാങ്ക് പ്രസിഡൻ്റും സിപിഎം നേതാവുമായ ജെറി ഈശോ ഉമ്മൻ 2.12 കോടിയുടെ തട്ടിപ്പ് നടത്തി.

പത്തനംതിട്ട ജില്ലയിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനുള്ള ബാങ്കുകൾ (സഹകരണ മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നല്‍കിയത് )

1 കുളനട സർവീസ് സഹകരണ ബാങ്ക്

2.പുന്നക്കാട് സർവീസ് സഹകരണ ബാങ്ക്

3.പമ്പാവാലി സർവീസ് സഹകരണ ബാങ്ക്

4.നാറാണംമൂഴി സർവീസ് സഹകരണ ബാങ്ക്

5.കമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക്

6.ചെറുകോൽ സർവീസ് സഹകരണ ബാങ്ക്

7.വയലത്തറ സർവീസ് സഹകരണ ബാങ്ക്

8.ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക്

9.പഴകുളം സർവീസ് സഹകരണ ബാങ്ക്

10.പുല്ലാട് സർവീസ് സഹകരണ ബാങ്ക്

11.ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക്

12.കൊറ്റനാട് സർവീസ് സഹകരണ ബാങ്ക്

13.മൈലപ്ര സർവീസ് സഹകരണ ബാങ്ക്

14.സീതത്തോട് സർവീസ് സഹകരണ ബാങ്ക്

15.എലിമുള്ളും പ്ലാക്കൽ സർവീസ് സഹകരണ ബാങ്ക്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top