കരുവന്നൂര്‍ പദയാത്ര മാനുഷിക പരിഗണനയില്‍; ‘മനുഷ്യനാകണം’ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല; ഇത് ശുദ്ധീകരണ പ്രക്രിയയുടെ തുടക്കം മാത്രമെന്നും സുരേഷ് ഗോപി

തൃശൂര്‍: മാനുഷിക പരിഗണന ഒന്നുകൊണ്ട് മാത്രമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് എതിരായി പദയാത്ര നയിക്കാന്‍ കാരണമെന്ന് സുരേഷ് ഗോപി. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രശ്നം. നോട്ട് നിരോധനം വന്നപ്പോള്‍ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മുറിയില്‍ മോദിയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സംഘം എത്തിയിരുന്നു. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള ഹൗസിലെ റൂമിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയത് ജോണ്‍ ബ്രിട്ടാസാണ്. അന്ന് അവിടെവെച്ച് പറഞ്ഞ ദൃഡമായ കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ഇത് അങ്ങ് കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും കണ്ടലയിലേക്കും മലപ്പുറം പ്രദേശത്തേക്കും ഇത് തുടരുമെങ്കില്‍ തുടക്കം കുറിച്ചിരിക്കുന്നത് ചെറിയൊരു തീ നാളം, കനല്‍ത്തരിയല്ല, കനല്‍ത്തരി എന്നേ ചാരം പോലും അല്ലാതായി തീര്‍ന്നിരിക്കുന്നു. ആ തിരിനാളം “ആഞ്ജനേയന്‍റെ വാലിനു പിടിച്ച പന്തമായി വളര്‍ന്നിരിക്കുന്നു. ഇത് സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനോ, അതിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യാനോ അല്ല. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കണം. സഹകരണ ബാങ്കുകള്‍ ഈ പാവങ്ങളുടെ ചോരപ്പണം, വിയര്‍പ്പ് പണമല്ല, അവരുടെയൊക്കെ പെണ്‍കുഞ്ഞുങ്ങളുടെ മാനത്തിന്റെ വില തിരിച്ച് നല്‍കുന്നത് വരെയെങ്കിലും എല്ലാം നില നില്‍ക്കണം.
നിങ്ങള്‍ പൂട്ടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇതൊരു സഹകാരി സംരക്ഷണ യാത്രയാണെങ്കില്‍ ആ വ്യവസ്ഥിതിയുടെ ബലപ്പെടുത്തലിന് വേണ്ടിയാണ് ഈ യാത്ര. ഇത് ഖേരളമല്ല, കേരളമാണെങ്കില്‍, നമ്മള്‍ മലയാളികളാണെങ്കില്‍ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍, രാഷ്ട്രീയപരമായിട്ടല്ല, മാനുഷിക പരിഗണന ഒന്ന് കൊണ്ട് മാത്രം ഒരു ശുദ്ധീകരണ പ്രക്രിയ വേണം. ആ പ്രക്രിയക്കുള്ള തുടക്കം ഇന്ന് കുറിക്കപ്പെടട്ടെ-സുരേഷ് ഗോപി പറഞ്ഞു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here