സഹകരണ രംഗത്തെ കരുവാറ്റ മോഡല്‍; ഇടപാടുകാര്‍ക്ക് തിരികെ നല്‍കിയത് കവര്‍ച്ചക്കാര്‍ കവര്‍ന്ന അഞ്ച് കിലോ സ്വര്‍ണവും

സഹകരണ ബാങ്കുകള്‍ പടക്കം പൊട്ടുന്നപോലെ പൊട്ടുന്ന ഈ കാലത്ത് നിക്ഷേപകന്റെ പണം നഷ്ടപ്പെടുമെന്ന കരുതിയ അവസ്ഥയില്‍ നിന്നും സംഘത്തെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തിയ കഥയാണ് കരുവാറ്റയിലേത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപതട്ടിപ്പ് കേരളത്തിന്റെ സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ഏല്‍പ്പിച്ച ക്ഷതം ചെറുതല്ല. കരുവന്നൂരിനു പിന്നാലെ ഒട്ടനവധി സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പിന്റെ വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. സഹകരണ മേഖല വിശ്വാസ തകര്‍ച്ച നേരിടുമ്പോഴാണ് കരുവാറ്റ സഹകരണ സംഘം സൃഷ്ടിക്കുന്ന മാതൃക ശ്രദ്ധേയമാകുന്നത്.
നാല് വര്‍ഷം മുന്‍പ് ബാങ്കില്‍ നിന്നും കവര്‍ന്ന അഞ്ച് കിലോയോളം സ്വര്‍ണത്തില്‍ മൂന്നര കിലോ സ്വര്‍ണമാണ് കഴിഞ്ഞ മാസത്തോടെ തിരികെ നല്‍കിയത്. ഹൈക്കോടതിയെ സമീപിച്ചാണ് മോഷ്ടാക്കളില്‍ നിന്നും പോലീസ് കണ്ടെടുത്ത സ്വര്‍ണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കിയത്. സ്വാതന്ത്ര്യത്തിന് മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ സംഘമാണിത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് തന്നെയാണ് ഭരണസമിതിയുടെ തലപ്പത്ത്.
2020ലെ ഓണക്കാലത്താണ് സഹകരണ സംഘത്തില്‍ മോഷണം നടന്നത്. തകര്‍ന്നുപോകാമായിരുന്ന അവസ്ഥയില്‍ നിന്നും എങ്ങനെ ഉയര്‍ത്തെഴുന്നേറ്റുവെന്ന് സംഘം പ്രസിഡന്റ് പറയുന്നത് ഇങ്ങനെ: “ബാങ്കില്‍ കവര്‍ച്ച നടന്നതിനു ശേഷം ഇടപാടുകാര്‍ ഭരണസമിതിക്ക് ഒപ്പം ഉറച്ചുനിന്നു. ആരും പേടിച്ച് സഹകരണ സംഘത്തിലെ നിക്ഷേപം പിന്‍വലിച്ചില്ല. കവര്‍ച്ച നടക്കുമ്പോള്‍ സംഘത്തിലെ ആകെ നിക്ഷേപം 4.85 കോടി ആയിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോഴും പോലീസ് വീണ്ടെടുത്ത സ്വര്‍ണം തിരികെ ലഭിക്കാന്‍ ഹൈക്കോടതിയിലേക്ക് പോയപ്പോഴും അംഗങ്ങള്‍ ഉറച്ചുനിന്നു. ഇത് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.”
“നിരന്തര പോരാട്ടം തന്നെ സ്വര്‍ണം വീണ്ടെടുക്കാന്‍ വേണ്ടിവന്നു. പോലീസ് സ്വര്‍ണം ഹരിപ്പാട് കോടതിയിലാണ് ഹാജരാക്കിയത്. തൊണ്ടിമുതലായ 3.57 കിലോ സ്വർണമാണ് കോടതിയില്‍ ഉണ്ടായിരുന്നത്. സ്വര്‍ണം തിരികെ വാങ്ങാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി. ഇതുമാമായാണ് ഹൈക്കോടതിയിലേക്ക് പോയത്. സ്വര്‍ണം സംഘത്തിന് തിരികെ നല്‍കാനാണ് ഹൈക്കോടതി വിധിച്ചത്. ” സഹകരണ സംഘം പ്രസിഡന്റ് പ്രദീപ് പോക്കാട്ട് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
സഹകരണ സംഘം അവധിയായിരുന്ന ഓണക്കാലത്തെ ആ ദിവസങ്ങളിലാണ് മോഷണം നടന്നത്. ആല്‍വിന്‍ രാജ് എന്ന തമിഴ്നാട്ടുകാരനാണ് പ്രതി. സ്ട്രോങ്ങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്താണ് മോഷണം നടന്നത്. 4.932 കിലോ സ്വര്‍ണവും 4,43,743 രൂപയുമാണ് കവര്‍ച്ചാസംഘം കടത്തിയത്. നാനൂറിലധികം ആളുകള്‍ പണയംവച്ച സ്വര്‍ണമാണിത്.
മൂന്ന് പേരുള്ള സംഘമാണ് കവര്‍ച്ച നടത്തിയത്. ആല്‍വിന്‍ രാജും മറ്റൊരാളും പിടിയിലായി. മൂന്നാമന്‍ ഒപ്പം ഉണ്ടെങ്കിലും മോഷണത്തില്‍ പങ്കില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
സഹകരണ സംഘത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കവര്‍ച്ചാ സംഘം നശിപ്പിച്ചിരുന്നു. മൂന്നാഴ്ചയോളം എടുത്താണ് പോലീസ് പ്രതികളെ പൊക്കിയത്. ആല്‍വിന്‍ രാജ് തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റിലായത്. ഇവര്‍ ഉരുക്കിയതിനാല്‍ കുറച്ച് സ്വര്‍ണം നഷ്ടമായി. ബാങ്ക് ലോക്കർ 2.5 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തിരുന്നു. ഈ തുക യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയിട്ടില്ല.
ബാങ്കില്‍ നിന്നും കവര്‍ന്ന തുകയിലെ ഒരു ഭാഗം ഉപയോഗിച്ച് ആല്‍വിന്‍ രാജ് ഭാര്യ സഹോദരിക്ക് ആലപ്പുഴ വസ്തു വാങ്ങി നല്‍കിയിട്ടുണ്ട്. ഈ വസ്തു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ സ്ഥലത്തിന്റെ മൂല്യം കൂടി കണക്കാക്കണം എന്നാണ് ഇന്‍ഷൂറന്‍സ് കമ്പനി ആവശ്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് ഈ നിര്‍ദേശം തള്ളിയിട്ടുണ്ട്. ലോക്കറില്‍ നിന്നും നഷ്ടമായ സ്വര്‍ണത്തിന്റെ മൂല്യം പരിഗണിച്ച് 58 ലക്ഷത്തോളം ഇന്‍ഷൂറന്‍സ് കമ്പനി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഹൈക്കോടതിയില്‍ സഹകരണ സംഘം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here