അർജുൻ്റെ തിരച്ചിലിന് നേതൃത്വം നൽകിയ സതീഷ് സെയിൽ എംഎൽഎ അറസ്റ്റിൽ; സിബിഐ നടപടി ഇരുമ്പയിര് അഴിമതിക്കേസിൽ

കർണാടകയിലെ കാര്‍വാര്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസിലാണ് നടപടി. ബിലികേരി ഇരുമ്പയിര് കടത്ത് കേസില്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്.

2010ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,32 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. കേസിൽ ഉൾപ്പെട്ട മല്ലികാർജുന ഷിപ്പിംഗ് കോർപ്പറേഷൻ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെയും നേരത്തേ കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.

കാർവാർ എംഎൽഎയും മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും വെള്ളിയാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്ന് വൈകിട്ട് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നാളെ ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് ഹാജരാക്കണം എന്നാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ടിൻ്റെ നിർദേശം.

കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ നാളെ വിധി പറയും. ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ തിരച്ചിലിന് നേതൃത്വം കൊടുത്തയാളാണ് സതീഷ് സെയിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top