പതിനഞ്ചുകാരിയും ഓട്ടോ ഡ്രൈവറും ആത്മഹത്യ ചെയ്തത് തന്നെ; മൃതദേഹങ്ങള്‍ ജീർണ്ണിച്ച് ഉണങ്ങിയ നിലയില്‍

കാസര്‍കോട് പതിനഞ്ച് വയസുകാരിയും സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ പ്രദീപും ആത്മഹത്യ ചെയ്തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇരുപത് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ ആയിരുന്നു.
ആത്മഹത്യയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെയു പ്രദീപിനെയും കാണാതായത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളള ആളായിരുന്നു പ്രദീപ് എന്ന 42കാരന്‍. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം വീടിന് സമീപത്തുള്ള വനപ്രദേശത്ത് കണ്ടെത്തിയത്.
പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തായിരുന്നു. എന്നിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇന്ന് ഹൈക്കോടതിയും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. ഒരു വിഐപിയുടെ മകളെയാണ് കാണാതായതെങ്കില്‍ പോലീസ് ഇങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നോ എന്ന് കോടതി ചോദിച്ചു. നാളെ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here