വിഷം കഴിച്ച എഎസ്ഐ മരിച്ചു; ആത്മഹത്യക്ക് പിന്നില്‍ സിപിഎം സമ്മര്‍ദമെന്ന് ആക്ഷേപം; കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസർകോട് ബേഡകം സ്റ്റേഷനിലെ അഡീഷണല്‍ എഎസ്ഐ വിജയന്‍ മരിച്ചു. എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന വിജയന്‍ കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം ബേഡഡുക്കയിലെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് വിജയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളില്‍ നിന്നും സമ്മര്‍ദം നേരിട്ടിരുന്നതായി ആരോപണമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനും സമ്മര്‍ദം വന്നു. എന്നാല്‍ ഇതിന് വിജയന്‍ വിസമ്മതിച്ചിരുന്നു. കേസിന്റെ ചുമതലയില്‍ നിന്നും തന്നെ മാറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ എഎസ്ഐ അസ്വസ്ഥനായിരുന്നു.

ഈ മാസം 27ന് ഉച്ചക്ക് ബേഡകം സ്റ്റേഷനിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ വിഷം അകത്ത് ചെന്ന നിലയിലാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടത്. എലി വിഷം കഴിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കാസര്‍കോടും മംഗളൂരും ചികിത്സയില്‍ തുടര്‍ന്നിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിപിഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top