പടക്കങ്ങള്‍ സൂക്ഷിച്ചത് ഒരു മുന്‍കരുതലും ഇല്ലാതെ; 24000 രൂപയുടെ ചൈനീസ് പടക്കങ്ങള്‍ ശേഖരത്തില്‍; ക്ഷേത്രഭാരവാഹികളുടെ വീഴ്ച അതീവഗൗരവം
കാസര്‍കോട് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ഒരു അനുമതിയും വാങ്ങാതെയാണ് ഭാരവാഹികള്‍ പടക്കങ്ങള്‍ വാങ്ങി സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും . 24000 രൂപയുടെ പടക്കങ്ങള്‍ വാങ്ങിയെന്നാണ് ഭാരവാഹികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇത്രയും പടക്കങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട ഒരു മാനദണ്ഡവും ഇവിടെ പാലിക്കപ്പെട്ടില്ല.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡിന് മുന്നിലും സമീപത്തുമായി ആളുകള്‍ ഉത്സവം കാണാന്‍ നിന്നത് ഭാരവാഹികള്‍ തടയാതിരുന്നതും അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. പടക്കങ്ങള്‍ ഇരിക്കുന്നിടമാണെന്ന് അറിയാതെയാണ് ആളുകള്‍ ഇവിടെ നിന്നത്. 154 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേര്രത്. ഇതില്‍ 97 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. 5 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്കു വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാന്‍ വേണ്ടിയാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഷെഡിനകത്തേക്ക് കയറി നിന്നത്. ഈ സമയത്ത് തന്നെ ചൈനീസ് പടക്കങ്ങള്‍ പൊട്ടിച്ചു. ഇതില്‍ ഒരു ഗുണ്ട് സ്ത്രീകള്‍നിന്ന ഷെഡിന്റെ മുകളില്‍ വീണാണ് പൊട്ടിയത്. ഇതില്‍ നിന്നാണ് തീപ്പൊരി പടക്കശേഖരത്തില്‍ വീണത്. നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് പരിക്കറ്റതില്‍ അധികവും.
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭരണസമിതിയുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here