നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം നാലായി; ചികിത്സയിരുന്ന ഒരു യുവാവ് കൂടി മരിച്ചു
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ഇന്നലെ കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
154പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. ഇതില്‍ നൂറോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവര്‍ ചികിത്സയിലുള്ളത്.
ഒക്ടോബര്‍ 28നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെ് വെടിക്കെട്ടപകടം ഉണ്ടായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here