റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു; കുറ്റവിമുക്തരായത് ആര്‍എസ്എസുകാര്‍; വിധിയില്‍ നിരാശയുണ്ടെന്ന് മൗലവിയുടെ ബന്ധുക്കള്‍

കാസര്‍കോട്: വിവാദമായ റിയാസ് മൗലവി വധക്കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി. അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.

പ്രതികളെ വെറുതെ വിട്ടതറിഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. വിധിയില്‍ നിരാശയുണ്ടെന്നാണ് ബന്ധുക്കളുടെ പ്രതികരണം. വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നു.

കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് മദ്രസ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളി മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കണ്ണൂർ കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 2019ലാണ് വിചാരണ ആരംഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top