എസ്എഫ്ഐക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി; കാസര്‍കോട് ഗവൺമെന്റ് കോളജ് മുന്‍ പ്രിൻസിപ്പാളിനെതിരെയായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസര്‍കോട് ഗവൺമെന്റ് കോളജ് മുന്‍ പ്രിൻസിപ്പാൾ ഡോ. എം.രമയെ സ്ഥലം മാറ്റിയ സർക്കാർ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. കോളജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും അസാന്മാർഗിക പ്രവർത്തനം നടക്കുന്നുവെന്നും ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഡോ.രമയെ സ്ഥലംമാറ്റിയത്. രമയുടെ അവസാന പ്രവർത്തി ദിവസം പുറത്തിറക്കിയ കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. പെൻഷൻ തടയുവാനുള്ള നീക്കത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയിൽ എടുത്ത വകുപ്പുതല അന്വേഷണവും തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

ഡോ.രമയ്ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ കോഴിക്കോട് കോളജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകിയതില്‍ ഇടപെട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് രമ വിരമിക്കുന്നതിന് മുന്നോടിയായുള്ള അവസാന പ്രവർത്തി ദിവസം കുറ്റപത്രം നൽകിയത്. 2022ൽ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ പ്രവേശനം നേടുവാൻ ശ്രമിച്ച ഒരു വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കുറ്റപത്രം.

അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ഡോ.രമ ഹൈക്കോടതിയെ സമീപിച്ചത്. ഹിയറിങ്ങിന് മുന്നോടിയായി ഡിവിഷൻ ബെഞ്ചിൽ നിന്നും സ്റ്റേ ലഭിച്ചു. രമ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഓപ്പൺ കോടതിയിൽ വീക്ഷിച്ചു. പ്രിൻസിപ്പാളിനെതിരെ പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ലെന്നും എസ്എഫ്ഐയുടെ ഇടപെടൽ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ഉൾപ്പെടെ പല കോളജുകളിലും അധ്യാപകർ എസ്എഫ്ഐക്കെതിരെ പ്രതികരിക്കാത്തത് പകയോട് കൂടിയുള്ള ഇത്തരം സർക്കാർ നടപടികൾ ഭയന്നാണ് അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ജഡ്ജിമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top