സഭാ തർക്കം വീണ്ടും തെരുവിലേക്ക്, കട്ടച്ചിറപള്ളിയിൽ യാക്കോബായക്കാരുടെ കല്ലറ തകർത്തു, പള്ളിക്ക് മുൻപിൽ വിശ്വാസികളുടെ പ്രതിഷേധം, മൃതദേഹങ്ങളോട് പോലും ഓർത്തഡോക്‌സുകാർ മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മാർ കൂറിലോസ്
കായംകുളം: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരിസ് പള്ളിയിൽ കല്ലറ തകർത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെരുന്നാളിന്റെ മറവിൽ യാക്കോബായക്കാരുടെ കല്ലറകൾ തകർത്തതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിശ്വാസികൾ പള്ളിക്ക് മുന്നിൽ സമരം തുടങ്ങിയതോടെ പൊലീസ് സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ സെമിത്തേരിയിൽ പ്രാർഥനയ്ക്ക് എത്തിയവരാണ് കല്ലറകൾ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടത്. കുറത്തികാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ബുധനാഴ്ച രാത്രിയിൽ സിസിടിവി ഓഫ് ചെയ്തിരുന്നതായും അതിനു ശേഷമുള്ള ദൃശ്യങ്ങളിൽ തലക്കല്ല് ഇളക്കിമാറ്റിയതായും പോലീസ് വ്യക്തമാക്കി. ഇതോടെയാണ്, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിശ്വാസികൾ പള്ളിക്കു മുന്നിൽ സമരം ആരംഭിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുമായി സഭാ നേതൃത്വം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അനിശ്ചിതകാല സമരം നടക്കുകയാണ്.
125 കുടുംബങ്ങൾ ഉള്ള യഥാർത്ഥ ഉടമസ്ഥരായ യാക്കോബായ വിശ്വാസികളെ ഒരു കോടതി വിധിയുടെ മറവിൽ വെറും പത്തിൽ താഴെ മാത്രം അംഗസംഖ്യയുള്ള മെത്രാൻ കക്ഷി വിഭാഗം നിർദയം ഇറക്കി വിട്ടു അവരുടെ കല്ലറകൾ സാമൂഹ്യ ദ്രോഹികളെ ഉപയോഗിച്ചു തകർക്കുകയാണെന്നു പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു കൊണ്ട് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത പറഞ്ഞു. മൃതശരീരങ്ങളോടും കബറിടങ്ങളോടും ഓർത്തോഡോക്‌സുകാരുടെ മനുഷ്യത്വ രഹിതമായ സമീപനം എന്നവസാനിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി വിധിയെ തുടർന്ന് പള്ളി ഓർത്തഡോക്സ് പക്ഷം സ്വന്തമാക്കിയത് മുതൽ ഇരുപക്ഷവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തുടർന്ന് യാക്കോബായക്കാരുടെ മൃതദേഹ സംസ്കാര ചടങ്ങുകളും പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു മാസത്തിലധികം മൃതദേഹവുമായി കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഈ പശ്ചത്തലത്തിലാണ് അധികൃതർക്ക് തലവേദനയുമായി പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
2018 നവംബറിൽ കായംകുളം പള്ളിക്കലേത്ത് കുടുംബാംഗമായ വർഗീസ് മാത്യു എന്ന 92-കാരന്റെ മൃതദേഹം 11 ദിവസം സംസ്കരിക്കാനാകാതെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഒടുവിൽ ജില്ലാഭരണകൂടം ഇടപെട്ടാണ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തിയത്.