ജയരാജനെ തള്ളി ഡിസി ബുക്സ്; മുന്‍ നിശ്ചയപ്രകാരം പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയെന്ന് മാത്രം

വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം കോളിളക്കം സൃഷ്ടിച്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തൽക്കാലം പിന്മാറിയതായി പ്രസാധകരായ ഡിസി ബുക്സ്. പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്നാണ് അറിയിപ്പ്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പുസ്തകം പുറത്തിറക്കുന്നത് നീട്ടി വയ്ക്കുന്നതെന്ന് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പുകൾ പുരോഗമിക്കുമ്പോഴാണ് ഇപിയിലെ ആത്മകഥയിലെ ഉള്ളടക്കത്തിലെ ചില വിവരങ്ങൾ പുറത്തുവന്നത്. ഇത് ഇടതു മുന്നണി സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ തൻ്റെ ആത്മകഥയിലെ ഭാഗങ്ങളല്ല പുറത്തുവന്നതെന്ന പ്രതികരണവുമായി ജയരാജൻ രംഗത്തെത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നായിരുന്നു പുറത്തുവന്ന ഭാഗത്തിലെ പ്രധാന പരാമർശം. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ലെന്നും കുറ്റപ്പെടുത്തുന്നു.

Also Read: സിപിഎമ്മിന് മനസിലാകാത്ത ഇപി; കട്ടന്‍ ചായയും പരിപ്പുവടയും പോളിങ് ദിനത്തില്‍ ചര്‍ച്ചയാകുന്നു; എല്ലാം നിഷേധിച്ച് ജയരാജനും

സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വേണമെന്നും എൽഡിഎഫ് മുൻ കൺവീനറിൻ്റേത് എന്ന പേരിൽ ആത്മകഥയിൽ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന സംശയവും പുസ്തകത്തിൽ ഉയർത്തുന്നു. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണ് എന്ന രീതിയിൽ രൂക്ഷമായ വിമർശനവും ആത്മകഥയിൽ ഉയർത്തുന്നു. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നു. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും വിശദീകരിക്കുന്ന ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Also Read: ഇപി പുസ്തക വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് അന്‍വര്‍; വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ലെന്ന് ഇപി പറഞ്ഞു

പ്രകാശ് ജാവഡേക്കറുമായുള്ള തൻ്റെ കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ തന്നെ ചർച്ചയാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെയാണെന്നും ഇപി എഴുതുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ആത്മകഥയിൽ പറയുന്നു.

Also Read: ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍’ പുസ്തകമാകുന്നു; ഇപിയുടെ ബന്ധുനിയമനം മുതൽ സ്പ്രിംഗ്‌ളര്‍ വരെയുള്ളവയുടെ അറിയാക്കഥകൾ

ഇപ്പോൾ പ്രചരിക്കുന്നത് തൻ്റെ ആത്മകഥയിലെ പരാമർശങ്ങളല്ലെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജൻ്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രചരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പുസ്തകം ഇറങ്ങുമ്പോൾ എല്ലാക്കാര്യങ്ങളും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top