‘ആത്മകഥാമോഷണത്തില്‍’ കേസെടുക്കാതെ അന്വേഷണം; ജയരാജൻ്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് ആദ്യ പരിശോധന

സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട പരാതി കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷിക്കും. കേസെടുക്കാതെയാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുക. തൻ്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്നാണ് മുതിർന്ന സിപിഎം നേതാവിൻ്റെ പരാതി. പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പ്രസാധകരായ ഡിസി ബുക്സിൻ്റെ പേര് ജയരാജൻ പറഞ്ഞിരുന്നില്ല. ഗൂഢാലോചനാ പരാതിയാണ് അദ്ദേഹം നൽകിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Also Read: പോളിങ് ദിനത്തിലെ വിവാദം ആസൂത്രിതമെന്ന് ഇപി; ആത്മകഥയില്‍ വഴിവിട്ട എന്തോ സംഭവിച്ചു; സരിനെ വാനോളം പുകഴ്ത്തി വാര്‍ത്താസമ്മേളനം

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നടന്ന ഇന്നലെയാണ് ജയരാജൻ്റെ ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന ആത്മകഥയിലെ വെളിപ്പെടുത്തൽ എന്ന പേരിൽ വിവരങ്ങൾ പ്രചരിച്ചത്. നേരത്തേ പുസ്തകം ഉടൻ പുറത്തിറങ്ങുമെന്ന് പ്രസാധകരായ ഡിസി ബുക്സ് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന് പറഞ്ഞ് വിവരങ്ങള്‍ പ്രചരിച്ചത്. സിപിഎമ്മിനെയും രണ്ടാം പിണറായി സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു വിവരങ്ങൾ.

Also Read: പാർട്ടി അനുമതിയോടെയാണ് ലോട്ടറി രാജാവിൽ നിന്ന് പണം വാങ്ങിയതെന്ന ഇപിയുടെ വാദം കാരാട്ട് പണ്ടേ തള്ളി; വിവാദം കത്തിച്ചത് വിഎസെന്ന് ‘കട്ടൻചായ പുസ്തകം’

ഇതിനുപിന്നാലെ താൻ ആത്മകഥ എഴുതാനോ പ്രസിദ്ധീകരിക്കാനോ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന പ്രതികരണവുമായി ജയരാജനും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നായിരുന്നു ജയരാജൻ്റെ ആരോപണം. എന്നാൽ പുസ്തകം പുറത്തിറങ്ങുമെന്ന തരത്തിലുള്ള സ്ഥിരീകരണമാണ് ഡിസി ബുക്സിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തിറങ്ങുന്നത് വൈകും. പുസ്തകം പുറത്തിറങ്ങുമ്പോൾ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകുമെന്നും ഡിസി ബുക്സ് ഫെയ്സ്ബുക്ക് വഴി അറിയിച്ചിരുന്നു.

Also Read: ജയരാജനെ തള്ളി ഡിസി ബുക്സ്; മുന്‍ നിശ്ചയപ്രകാരം പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയെന്ന് മാത്രം

തന്റെ ആത്മകഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിൻ്റെ പ്രസിദ്ധീകരണാവകാശം ഏതെങ്കിലും എജന്‍സിക്കോ വ്യക്തികള്‍ക്കോ നല്‍കിയിട്ടില്ല എന്നുമായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിലും ആവർത്തിച്ചത്. താന്‍ എഴുതി എന്ന് പറഞ്ഞ് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതിനായി ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ തിരഞ്ഞെടുത്തതില്‍ ഗൂഡാലോചന ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാജരേഖ ചമച്ചു, ഗൂഢാലോചന നടത്തി എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഇത് രണ്ടും അന്വേഷിക്കണം എന്നും ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top