കട്ടപ്പനയില്‍ നരബലിയെന്ന് സംശയം; നവജാതശിശു അടക്കം രണ്ടുപേരെ കാണാനില്ല; ജയിലിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

കട്ടപ്പന: ഇടുക്കി കാഞ്ചിയാറില്‍ രണ്ടുപേരെ കാണാതായതിന് പിന്നില്‍ നരബലിയെന്ന് സംശയം. നവജാതശിശു അടക്കം ഒരു കുടുംബത്തിലെ രണ്ടുപേരെ കാണാനില്ല എന്ന വിവരമാണ് നിലവിൽ പോലീസ് അന്വേഷിക്കുന്നത്. ഇവരെ കൊന്ന് കുഴിച്ചുമൂടിയെന്ന സംശയമാണ് ഇപ്പോഴുള്ളത്. മോഷണശ്രമവുമായി ബന്ധപ്പെട്ട് ഈയിടെ പോലീസിൻ്റെ പിടിയിലായ കാഞ്ചിയാർ സ്വദേശി വിഷ്‌ണു വിജയൻ (27), രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇവരുടെ അടുത്ത ബന്ധുക്കളെയാണ് കാണാതായിരിക്കുന്നത്.

വിഷ്‌ണു വിജയൻ്റെ കുടുംബം എട്ട് മാസം മുന്‍പാണ് കട്ടപ്പന സാഗര ജങ്ഷനില്‍ വീട് വാടകക്കെടുത്ത് താമസിക്കാൻ തുടങ്ങിയത്. വിഷ്ണു, വിഷ്ണുവിന്റെ അച്ഛന്‍, അമ്മ, സഹോദരി, വിഷ്ണുവിന്റെ സുഹൃത്ത് നിതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ഒരു വര്‍ക്കുഷോപ്പിൽ നടത്തിയ മോഷണത്തിനിടെ ഈയിടെയാണ് വിഷ്‌ണുവും നിതീഷും പിടിയിലായത്. അന്വേഷണത്തിനായി വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ അകത്തെ തറ പൊളിച്ചതായും പൂജകൾ നടക്കുന്നതായും കണ്ടെത്തി. ഇതിനൊപ്പമാണ് ഇവിടെ താമസിച്ച രണ്ടുപേരെ കാണാനില്ലെന്ന വിവരവും കിട്ടുന്നത്.

വിഷ്ണു വിജയന്‍റെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ്‌ കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. സുഹൃത്ത് നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിൽ ഉണ്ടായ കുട്ടിയാണിത്‌. വാടകവീടിൻ്റെ തറയിൽ ഒരു കുഴിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ദുർമന്ത്രവാദത്തിന്‍റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയത് എന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. പ്രതികളെന്ന് കരുതുന്ന വിഷ്‌ണുവും നിതീഷും പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്. കാഞ്ചിയാറിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. ഉടൻ വിവരങ്ങള്‍ പുറത്തുവിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പോലീസ് വൃത്തങ്ങൾ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top