കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി ആഭിചാരക്രിയയെക്കുറിച്ച് നോവലും എഴുതി; ‘മഹാമന്ത്രികത്തിന്’ അരലക്ഷത്തോളം വായനക്കാര്‍
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി നിതീഷ് ആഭിചാരക്രിയകളെക്കുറിച്ച് നോവലും എഴുതി. ഒരു ഓൺലൈൻ സൈറ്റിൽ 2018ലാണ് മഹാമന്ത്രികം എന്ന പേരിൽ നോവൽ എഴുതിയത്. ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥയാണ് നോവലിൽ പറയുന്നത്. അരലക്ഷത്തോളം ആളുകളാണ് ഇതിനോടകം നോവൽ വായിച്ചത്. നിതീഷ് പിആർ എന്ന തൂലികാ നാമത്തിലാണ് രചന.
ആറ് അധ്യായങ്ങളിലായി എഴുതിയ നോവലിന് രണ്ടാം ഭാഗം ഉണ്ടെന്ന് സൂചിപ്പിച്ചെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. ദുർമന്ത്രവാദവും ആഭിചാരക്രിയയും പകപോക്കലുമൊക്കെയാണ് നോവലിന്റെ ഇതിവൃത്തം. ഒരു പെൺകുട്ടിയെ ആഭിചാരത്തിലൂടെ മാനസികമായി കീഴടക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും ആ പെൺകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിലെ കഥാപാത്രങ്ങള്‍. ആഭിചാരക്രിയകളിലൂടെ ചുടലരക്ഷസിനെ വിളിച്ചുവരുത്തുന്നതും താന്ത്രിക വിദ്യകൾ പരീക്ഷിക്കുന്നതും വിശദമായി പറയുന്നുണ്ട്.
നോവൽ വായിച്ച് നിരവധിപ്പേർ എഴുത്തുകാരനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ബാക്കി കഥ വേണമെന്ന് ചിലരും എഴുത്തുകാരനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മറ്റുചിലരും കമന്റ് ബോക്സിൽ ഉണ്ടായിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയെ ഓർമിപ്പിക്കും വിധമാണ് നിതീഷിന്റെ പ്രവർത്തികൾ. സിനിമയിൽ പോലീസ് സ്റ്റേഷന്റെ തറയിലാണ് കൊല ചെയ്തശേഷം മൃതദേഹം കുഴിച്ചുമൂടിയതെങ്കില്‍ ഇവിടെ വീട്ടിലെ മുറിയുടെ തറ കുഴിച്ചാണ് സമാന രീതിയിൽ തെളിവ് മറച്ചത്. കൊലപാതകത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോവല്‍ എഴുതിയതും കൂട്ടുപ്രതി പിടിയിലായ സമയത്ത് താൻ സ്ഥലത്തില്ലായിരുന്നു എന്ന് കാണിക്കാൻ പോലീസിന് കൊച്ചിയില്‍ യാത്രചെയ്ത ബസ് ടിക്കറ്റ് കാണിച്ചതും സിനിമയിലെ രംഗങ്ങളുമായി സാമ്യതയുണ്ട്. മഹാമന്ത്രികം കൂടാതെ പൂര്‍ണ്ണമാക്കാത്ത മറ്റ് രണ്ട് നോവലുകൾ കൂടി നിതീഷ് പ്രസിദ്ധീകരിച്ചതായും പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here