കട്ടപ്പന ടൗൺ സ്തംഭിപ്പിച്ച് ഗുണ്ടായിസം; വെള്ളിയാഴ്ച ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘത്തിൽ ഒരാൾകൂടി കസ്റ്റഡിയിൽ; അഞ്ചാമനെ തിരയുന്നു; മര്‍ദനം ഭാര്യയും മകളും നോക്കിനില്‍ക്കെ
ഇടുക്കി: കട്ടപ്പനയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ആക്രമണമാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ നടന്നത്. ആക്രോശവും കൊലവിളിയുമായി എത്തിയ ഒരു സംഘം ഓട്ടോയില്‍ നിന്ന് ഡ്രൈവറെ വലിച്ചിഴച്ച് നടുറോഡില്‍ ചവിട്ടി വീഴ്ത്തി വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. സംഭവം നടന്ന അരമണിക്കൂര്‍ കട്ടപ്പന പ്രധാന റോഡില്‍ ഗതാഗതം പോലും പൂര്‍ണമായും സ്തംഭിച്ചു.
ആളുകള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. . ദൂരെ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റോഡില്‍ സംഭവിക്കുന്നത് എന്താണെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ഓട്ടോ ഡ്രൈവറെ നടുറോഡില്‍ കിടത്തിയ ശേഷം തലങ്ങും വിലങ്ങും മര്‍ദിക്കുന്ന കാഴ്ചയാണ് ഓടിയെത്തിയവര്‍ കണ്ടത്. ഓട്ടോ ഡ്രൈവറുടെ ഭാര്യയും മകളും നിലവിളിച്ചിട്ട് പോലും അഞ്ചംഗ സംഘത്തിനടുത്തേക്ക് നീങ്ങാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. സംഭവം അറിഞ്ഞ് കാല്‍ മണിക്കൂര്‍ കഴിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് നാട്ടുകാര്‍ പോലീസിനൊപ്പം നിന്ന് ഗുണ്ടാസംഘത്തെ തടഞ്ഞത്.
കേസില്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാള്‍ കൂടി ഇന്ന് പോലീസ് കസ്റ്റഡിയിലായി. ഓട്ടോ ഡ്രൈവര്‍ സുനില്‍ കുമാറിന്റെ അയല്‍ക്കാരനായ സജിമോനാണ് കസ്റ്റഡിയിലുള്ളത്. അക്രമണത്തിനിടയില്‍ പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലാണ്. കട്ടപ്പന സ്വദേശികളായ സാബു, കൊല്ലരോട്ട് ബാബു, വാലേപ്പറമ്പിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനത്തിന് സഹായം ചെയ്ത ഒരാളെക്കൂടി പോലീസ് തിരയുകയാണ്.
ഈ കേസിലെ അഞ്ചാമനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇയാളെക്കുറിച്ച് അന്വേഷിക്കുകയാണ്- കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ സ്ഥലപ്രശ്നം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രശ്നവും. കേസില്‍ അന്വേഷണം നടക്കുകയാണ്-ഡിവൈഎസ്പി പറഞ്ഞു.
പൊതിരെ അടികിട്ടുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. അടി കിട്ടുന്നത് അറിയുന്നുണ്ടെങ്കിലും അങ്ങനെ പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. നിലത്തുവീണ തന്നെ ഒരാള്‍ പിടിച്ച് വെച്ചപ്പോള്‍ മറ്റൊരാള്‍ വടികൊണ്ട് തല്ലുകയായിരുന്നു-ഓട്ടോ ഡ്രൈവര്‍ സുനില്‍ കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“കഴിഞ്ഞ ബുധനാഴ്ച ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നപ്പോള്‍ ഇറക്കമായതിനാല്‍ വഴിയില്‍ നിന്ന് ഞാന്‍ വീട്ടിലേക്ക് ഉരുട്ടിവിട്ടു. അയല്‍ക്കാരനായ സജിമോന്‍ ആ സമയം വീട്ടില്‍ കിടന്ന് ഉറക്കമായിരുന്നു. ശബ്ദം കേട്ട് ഉറക്കം നഷ്ടമായി എന്ന് പറഞ്ഞു എന്നെ തെറിവിളിച്ചു. വാക്കേറ്റമുണ്ടായി.”
“ഞങ്ങളുടെ പറമ്പില്‍ പോയി കുരുമുളകും മറ്റും പറിച്ച് കുടുംബവുമൊത്ത് ഓട്ടോയില്‍ മടങ്ങിവരുമ്പോഴാണ് കഴിഞ്ഞ ദിവസം മര്‍ദനമുണ്ടായത്. ഭാര്യയും മകളും നോക്കിനില്‍ക്കുമ്പോഴാണ് ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി റോഡില്‍ കിടത്തി മര്‍ദിച്ചത്. സജിമോന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ദേഹം മുഴുവന്‍ മര്‍ദനമേറ്റിട്ടുണ്ട്. ഓട്ടോയുടെ ഗ്ലാസും അവര്‍ തകര്‍ത്തിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലാണ്”-സുനില്‍ കുമാര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here