കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രതി നിതീഷിനെതിരെ വീണ്ടും കേസുകള്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയും റിമാന്‍ഡില്‍
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി വിഷ്ണുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്. ഇവര്‍ പ്രതിസ്ഥാനത്തുള്ള മറ്റ് കേസുകളെക്കുറിച്ച് അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവര്‍ കൊലപ്പെടുത്തിയ കാഞ്ചിയാര്‍ വിജയന്‍റെ കാര്യത്തില്‍ പോലീസ് വിശദാംശങ്ങള്‍ ശേഖരിച്ചെങ്കിലും നവജാതശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
കുഞ്ഞിനെ കൊലപ്പെടുത്തിയതായി മുഖ്യപ്രതി സമ്മതിച്ചെങ്കിലും എവിടെ മറവ് ചെയ്തു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹം കത്തിച്ചുവെന്ന് നിതീഷ് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഈ കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. വിജയനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭാര്യ സുമയെ അറസ്റ്റ് ചെയ്ത് ശേഷം ഇന്നലെ റിമാന്‍ഡ് ചെയ്തു. നേരത്തേ പിടിയിലായ നിതീഷും വിഷ്ണുവും റിമാൻഡിലാണ്.
” യുവതിയെ പീഡിപ്പിച്ചതിന് നിതീഷിന്റെ പേരില്‍ കേസുണ്ട്. വയോധികയെ പീഡിപ്പിച്ചതിനും കേസുണ്ട്. ഇതില്‍ നിതീഷിനെ ചോദ്യം ചെയ്യാനുണ്ട്. ആവശ്യം വന്നാല്‍ മാത്രം വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും”-കട്ടപ്പന ഡിവൈഎസ്പി ടി.വി.ബേബി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് നഗരത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് നിതീഷും വിഷ്ണുവും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുമയുടെ ഭര്‍ത്താവായ വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി നിതീഷ് കൊലപ്പെടുത്തിയത്. പിന്നീട് വിജയന്റെ ഭാര്യ സുമയുടെയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ പ്രതി നിതീഷ് മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടുകയായിരുന്നു. 2016ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ കൊലപ്പെടുത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here