ഇരട്ടക്കൊലയിലെ പ്രതിയുമായി തെളിവെടുപ്പ്; കേസില്‍ കൂടുതല്‍ പ്രതികള്‍; ദുരൂഹതകള്‍ ബാക്കി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ എത്തിച്ചത്. പ്രതി നിതീഷിന്റെ സുഹൃത്ത് വിഷ്ണുവിന്റെ അച്ഛന് വിജയനെയും നവജാതശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. കേസില്‍ വിജയന്റെ ഭാര്യ സുമയെയും മകന് വിഷ്ണുവിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ഫോറന്‍സിക് സംഘവും പോലീസ് സര്‍ജനും തെളിവെടുപ്പ് സംഘത്തോടൊപ്പമുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കരുതിയ മുറിയുടെ തറപൊളിച്ച് പോലീസ് പരിശോധന നടത്തും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ.
നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിലും പോലീസ് പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 2016ല്‍ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വീട്ടില്‍ താമസിക്കുമ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയത്.
കേസില്‍ മരിച്ച വിജയനും ഇയാളുടെ മകന് വിഷ്ണുവിനും പങ്കുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here