കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച; 300 വര്‍ഷം പഴക്കമുള്ള വിഗ്രഹം കവര്‍ന്നു; സ്വര്‍ണാഭരണങ്ങളും മോഷണം പോയി

മലപ്പുറം: കഴിഞ്ഞയാഴ്ച പാട്ടുത്സവം നടന്ന കാട്ടുമാടം മനയില്‍ നടന്ന കവര്‍ച്ച നാടിനെ ഞെട്ടിച്ചു. 300 വര്‍ഷം പഴക്കമുള്ള വിഗ്രഹമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളും മോഷണം പോയി. മനയുടെ മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവർന്നു. സമീപത്തെ വീട്ടിലെ സ്‌കൂട്ടറും മോഷണംപോയി. പരേതനായ കാട്ടുമാടം അനിൽ നമ്പൂതിരിയുടെ ഭാര്യ സോയയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മനയുടെ പിറകുവശത്തെ ജനലിന്റെ കമ്പികൾ മുറിച്ചാണ് മോഷ്‌ടാവ്‌ അകത്തുകയറിയത്. കവർച്ച നടത്തിയശേഷം മുന്നിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പടപ്പ് എസ്.എച്ച്.ഒ.കെ.സതീഷ്, സബ് ഇൻസ്‌പെക്ടർ ടി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മാന്ത്രികവിദ്യകളുടെ ചരിത്രമുറങ്ങുന്നതാണ് കാട്ടുമാടം മന. പൊന്നാനിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലാണ് മനയുള്ളത്. കേരളത്തിലെ നൂറ്റമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രികളും പത്തോളം ക്ഷേത്രങ്ങളിലെ ഊരാളന്മാരുമാണ് കാട്ടുമാടം കുടുംബം.താന്ത്രിക കർമങ്ങൾ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ് വിശ്വാസം. ഇതിലൊന്നാണ് കാട്ടുമാടം കുടുംബം എന്നാണ് ഐതിഹ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top