കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പോലീസ്; പരാതി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; ജലീല്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പി.കെ.ഫിറോസ്‌

കോഴിക്കോട്: കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ തട്ടി എന്ന ആരോപണം കളവെന്ന് പോലീസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പി.കെ.ഫിറോസ്‌, സി.കെ.സുബൈര്‍ എന്നിവര്‍ക്ക് എതിരെയായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഐപിസി 420 പ്രകാരം വഞ്ചനാകുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കത്വ, ഉന്നാവോ പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നു എന്നായിരുന്നു പരാതി. 2018 ഏപ്രില്‍ 19-20 തീയതികളില്‍ സി.കെ.സുബൈര്‍ പത്രപ്പരസ്യം നല്‍കി പണം പിരിച്ചെന്നായിരുന്നു ആരോപണം. പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമ സിന്‍ഡിക്കറ്റിന് ലഭിച്ചു.

‘കത്വാ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. ഒരു നഷ്ടവും പരാതി നല്‍കിയ ആള്‍ക്ക് ഉണ്ടായിട്ടില്ല. കത്വാ ഫണ്ട് പിരിവില്‍ യൂത്ത് ലീഗിന്റെ ദേശീയ കമ്മറ്റിയില്‍ പരാതിക്കാരനും പൊതുപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഫണ്ട് പിരിവ് ചോദ്യം ചെയ്തപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പരാതിക്കാരന്റെ രാജിയില്‍ വരെ ഇത് കലാശിച്ചു. രാഷ്ട്രീയ വൈരാഗ്യത്താല്‍ എതിര്‍കക്ഷികള്‍ക്ക് എതിരെ പരാതി കളവായി നല്‍കിയതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ കേസ് കളവായ കേസുകളുടെ ഗണത്തില്‍പ്പെടുത്തി ഉത്തരവുണ്ടാകണമെന്നാണ്’ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫിറോസ്‌ താനൂരില്‍ മത്സരിച്ചപ്പോള്‍ എതിരാളികള്‍ ഈ കേസ് രാഷ്ട്രീയായുധമാക്കിയിരുന്നു. ആരോപണം കത്തിയപ്പോള്‍ 1000-ല്‍ താഴെ വോട്ടുകള്‍ക്കാണ് ഫിറോസ്‌ പരാജയപ്പെട്ടത്.

‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ മത്സരിച്ചപ്പോള്‍ എനിക്കെതിരെയുള്ള പ്രചാരണായുധം ഈ കേസായിരുന്നു. എതിര്‍സ്ഥാനാര്‍ഥിയും ഇപ്പോള്‍ കായികമന്ത്രിയുമായ വി.അബ്ദുറഹിമാന് മന്ത്രി സ്ഥാനത്തിരിക്കാനുള്ള രാഷ്ട്രീയ ധാര്‍മികത നഷ്ടമായിരിക്കുന്നു. യൂത്ത് ലീഗിന്റെ രാഷ്ട്രീയ-നിയമപോരാട്ടങ്ങളില്‍പ്പെട്ട് മന്ത്രി സ്ഥാനം നഷ്ടമായ കെ.ടി.ജലീലാണ് ഫണ്ട് വെട്ടിപ്പ് വിവാദമാക്കിയത്. ജലീല്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളെ വലിയ ദുരാരോപപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ജലീല്‍ ശ്രമിച്ചത്. അദ്ദേഹത്തിനും സിപിഎമ്മിനും എതിരെയുള്ള നിയമപോരാട്ടം അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പി.കെ.ഫിറോസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കത്വാ പീഡനക്കേസ് ദേശീയ തലത്തില്‍ ബിജെപിയ്ക്ക് എതിരെയായിരുന്നുവെങ്കിലും കേരളത്തില്‍ ഈ കേസ് ലീഗിനെതിരെ കത്തിച്ചതിന് പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്ഐയുമായിരുന്നു. ഇപ്പോള്‍ ഇടതിനോട് ചേര്‍ന്ന് നില്‍ക്കുന്ന യൂസഫ്‌ പടനിലം നല്‍കിയ പരാതിയ്ക്ക് പിന്തുണ നല്കിയതും കെ.ടി.ജലീലും സിപിഎമ്മുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top