‘കായംകുളം സത്യൻ കൊലക്കേസ് സിപിഎം ആസൂത്രണം ചെയ്തത്’; എം.വി.ഗോവിന്ദന് കത്തയച്ച് പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം; പാർട്ടിയെ വെട്ടിലാക്കി വെളിപ്പെടുത്തൽ
ആലപ്പുഴ: കായംകുളത്ത് ഐഎൻടിയുസി നേതാവ് സത്യൻ കൊല്ലപ്പെട്ടതിൽ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം. സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്ന് കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ.സി.ബാബുവാണ് ആരോപിച്ചത്. നിരപരാധിയായ തന്നെ കേസിൽ മനപ്പൂർവം പ്രതിയാക്കിയതാണെന്നും പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യയമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച കത്തിൽ പറയുന്നു. സ്ഥാനമൊഴിയണം എന്ന് കാണിച്ചാണ് കത്ത് നൽകിയത്. കൊലപാതകത്തിൽ ബിപിൻ ഉൾപ്പെടെ എല്ലാവരെയും കോടതി വെറുതെവിട്ടിരുന്നു.
ആലപ്പുഴയിൽ പാർട്ടിയിൽ ഉണ്ടായ വിഭാഗിയതയെ തുടർന്ന് ബിപിൻ ഉൾപ്പെടെ മൂന്നുപേരാണ് കത്ത് നൽകിയത്. കേസിലെ പ്രതിയായിരുന്ന ഒരാൾ തന്നെ നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് സത്യൻ കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ ജി.സുധാകരനെതിരെ കോൺഗ്രസിന്റെ എം.എം.ഹസന് മികച്ച വിജയം ലഭിച്ച തിരഞ്ഞെടുപ്പിൽ സത്യൻ സജീവ പ്രവർത്തനം നടത്തിയിരുന്നു. 2001 ജൂൺ 20നാണ് സത്യൻ കൊല്ലപ്പെട്ടത് 2006ൽ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി ഉത്തരവിറക്കി. മുൻ ആർഎസ്എസ് പ്രവർത്തകനായ സത്യൻ പിന്നീടാണ് കോൺഗ്രസിൽ ചേർന്നത്.
“എന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ ഉയർത്തി മുന്നോട്ട് വരികയാണ്. പാർട്ടി ആലോചിച്ച് നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യന്റെ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് പത്തൊൻപതാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്”; എന്നാണ് ബിപിൻ കത്തിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here