ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം; വിചാരണ കോടതി നടപടികളിൽ ഇടപെടാനാകില്ല: ഹൈക്കോടതി
കൊച്ചി: സോളാർ പീഡന ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി. വിചാരണ കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന പത്തനാപുരം എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി. കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് ഉത്തരവിട്ടു.
ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയോടും ഗണേഷ് കുമാറിനോടും ഈ മാസം 18 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയും കോടതി തളളി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി നടപടിയിൽ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി ഈ ഹർജിയിൽ അന്തിമ വിധി പറഞ്ഞത്.
സോളാർ പീഡന കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണ് എന്നായിരുന്നു സിബിഐ കണ്ടെത്തൽ. കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലുകൾ മാധ്യമ സിൻഡിക്കറ്റാണ് ആദ്യം പുറത്ത് വിട്ടത്.
സോളാർ കേസിൽ ഗൂഢാലോചന നടന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിൽ പീഡന പരാതിക്കാരിയെ ഒന്നാം പ്രതിയാക്കിയും ഗണേഷ് കുമാറിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിരുന്നു. നിരവധി തവണ പ്രതികൾക്ക് കോടതി സമൻസ് അയച്ചെങ്കിലും ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച് നേരിട്ട് കോടതിയിൽ ഹാജരാകുന്നതിന് സ്റ്റേ വാങ്ങുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here