ശോഭ സുരേന്ദ്രനെതിരെ കെസി വേണുഗോപാലിന്റെ മാനനഷ്ടക്കേസ്; കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം; പരാതി നല്‍കിയത് കോടതിയില്‍ നേരിട്ട് ഹാജരായി

ആലപ്പുഴ: ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാല്‍. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കേസ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ നേരിട്ട് ഹാജരായാണ് പരാതി നല്‍കിയത്. കെസി വേണുഗോപാലിന് വേണ്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹാജരായി.
രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ വേണുഗോപാല്‍ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്തതായാണ് ശോഭയുടെ പരാമര്‍ശം. ഇരുവരും ചേര്‍ന്ന് രാജ്യാന്തര തലത്തില്‍ നിരവധി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ബിനാമി പേരില്‍ വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതില്‍ ഉള്‍പ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത എന്നും ശോഭ ആരോപിച്ചു. കെസി വേണുഗോപാല്‍ കിഷോറാം ഓലയുമായി ഇടപെട്ട് കര്‍ത്തയ്ക്ക് ആലപ്പുഴയില്‍ നിന്ന് കയറ്റുമതിക്കുള്ള അനുമതി നേടിക്കൊടുത്തതായും ശോഭ പറഞ്ഞു. തനിക്കെതിരെയുള്ള വേണുഗോപാലിന്റെ പരാതി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശോഭയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here