മമ്മൂട്ടിയെ ജാതി-മത ചട്ടക്കൂടില്‍ ഒതുക്കാന്‍ കഴിയില്ലെന്ന് വേണുഗോപാൽ; പുറത്ത് ചാടുന്നത് വിദ്വേഷത്തിന്റെ വെറുപ്പ്; നടന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് എതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ നടന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. “ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകളിലേക്ക്ഒതുക്കാന്‍ കഴിയുന്നില്ല നടനല്ല മമ്മൂട്ടി. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇതിനായി ശ്രമം നടക്കുന്നത്.” – വേണുഗോപാല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വേണുഗോപാലിന്റെ പ്രതികരണം.

“മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്. അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല.” വേണുഗോപാല്‍ പറഞ്ഞു.

വേണുഗോപാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്.

മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top