കെസിഎ ആസ്ഥാനത്തെ പീഡനങ്ങള്‍ അറിഞ്ഞില്ലേ; അസോസിയേഷന് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
ക്രിക്കറ്റ് പരിശീലനത്തിന്‍റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതില്‍ കോച്ച് എം.മനുവിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസും അയച്ചു. എന്തുകൊണ്ട് ഈ സാഹചര്യം വന്നെന്ന് കെസിഎ വിശദീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലനത്തിന് എത്തിയ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവം വന്‍വിവാദമായി തുടരവേയാണ് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍. മനുവിനെതിരെ ആറു പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
പീഡന കേസിൽ പ്രതിയായപ്പോഴും കോച്ചായി മനുവിന് തുടരാന്‍ കഴിഞ്ഞതാണ് കെസിഎയെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. കെസിഎയില്‍ വച്ചും തെങ്കാശിയിൽ കൊണ്ടുപോയും കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. നിലവില്‍ പ്രതി പോക്സോ കേസിൽ റിമാന്‍ഡിലാണ്. ഇയാള്‍ കുട്ടികളുടെ നഗ്നചിത്രം ഇയാൾ പകർത്തിയെന്നും പരാതിയുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മനു അറസ്റ്റിലായി. എന്നാല്‍ ഇരയെ സ്വാധീച്ച് മൊഴി മാറ്റിച്ചാണ് കേസില്‍ നിന്നും രക്ഷപ്പെട്ടത്. എന്നിട്ടും ഇയാള്‍ക്ക് കോച്ചായി തുടരാന്‍ കഴിഞ്ഞു എന്നതാണ് ഞെട്ടിക്കുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ കുറവാണെന്ന് പറഞ്ഞാണ് മാതാപിതാക്കളെ സ്വാധീനിക്കുന്നത്. ഇങ്ങനെ തന്നെയാണ് കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുന്നതും. ക്രിക്കറ്റിൽ നിലനിൽക്കണമെങ്കിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഓഫ് ഇന്ത്യക്ക് മുന്നിൽ ശാരീരികക്ഷമത ഉറപ്പുവരുത്തണമെന്നും അതിന് ഫോട്ടോകൾ ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.
ഈയിടെ പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് കെസിഎ സംഘടിപ്പിച്ചിരുന്നു. ഇതിലും കോച്ചായി മനു എത്തിയിരുന്നു. പ്രതിയില്‍ നിന്നും ലൈംഗിക പീഡനം ഏറ്റ പെണ്‍കുട്ടി മനുവിനെ കണ്ടതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് മറ്റു പെണ്‍കുട്ടികളും പരാതിയുമായി എത്തിയത്. ഇതോടെയാണ് പീഡനവീരന്‍ അകത്തായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here