സഞ്ജുവിന്റെ സാധ്യതകള്‍ തകര്‍ത്തത് കേരള ക്രിക്കറ്റ് അസോസിയേഷന്‍; ഭാരവാഹികള്‍ക്ക് ഈഗോ; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴിപ്പെട്ടതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനെന്ന വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ചില ഭാരവാഹികളുടെ ഈഗോയാണ് സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാംപില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല. അസൗകര്യം കെസിഎയെ സഞ്ജു അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് പിന്നീട് കത്ത് നല്‍കിയെങ്കിലും പരിഗണിച്ചില്ല. ആദ്യം കളിക്കുന്നില്ലെന്ന പറഞ്ഞയാള്‍ ഇനി കളിക്കേണ്ടെന്ന് ചിലര്‍ തീരുമാനിച്ചു. അതാണിപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിന്റെ പുറത്താകലിന് കാരണമായത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തതെന്നും ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ വിമര്‍ശിച്ചു.
കെസിഎയുടെ ഈ പിടിപ്പുകേട് കാരണം പുറത്തിരിക്കുന്നത് വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയും ഏകദിനത്തില്‍ 56.66 ബാറ്റിംഗ് ശരാശരിയുമുള്ള ഒരു ബാറ്ററാണ്. ആ താരത്തെയാണ് ഇങ്ങനെ നശിപ്പിക്കുന്നതെന്നും ശശി തരൂര്‍ കുറിച്ചു.
രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതും സഞ്ജുവിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ഇതിലാണ് കെസിഎക്കെതിരെ വിമര്‍ശനം ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here