ബിജെപിക്കെതിരെ കത്തോലിക്കാ മെത്രാൻ സമിതി; തല്ലും തലോടലും ഒന്നിച്ചു പോകില്ല; ദീപികയിൽ സുദീർഘ ലേഖനമെഴുതി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

തിരുവനന്തപുരം : ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയില്‍ ലേഖനം. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജോക്കബ് ജി.പാലയ്ക്കാപ്പിള്ളിയാണ് മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ നടക്കുന്ന ക്രൈസ്തവ വേട്ട സംബന്ധിച്ച് ലേഖനമെഴുതിയിരിക്കുന്നത്. തല്ലും തലോടലും ഒരുമിച്ചു പോകില്ലെന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ഷം തോറും വര്‍ദ്ധിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കള്ളക്കേസുകളില്‍പ്പെടുത്തല്‍, പള്ളികള്‍ നശിപ്പിക്കല്‍, ആരാധന തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുകയാണ്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഈ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതേസമയം തന്നെയാണ് ക്രൈസ്തവ സമൂഹങ്ങളുമായി ഐക്യം രൂപപ്പെടുത്താന്‍ ബിജെപി രാഷ്ട്രീയ നേതൃത്വം ശ്രമം നടത്തുന്നതും. ഇത്തരത്തില്‍ തല്ലും തലോടലുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് കെസിബിസി വ്യക്തമാക്കുന്നത്.

ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തില്‍പോലും ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെയോ, മറ്റ് ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വങ്ങളില്‍നിന്ന് പ്രോത്സാഹനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം സമവായ നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ, ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായി നിയമങ്ങള്‍ ദുരുപയോഗിച്ച് കെണികളില്‍ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. മതപരിവര്‍ത്തന നിയമങ്ങളുടെ ദുരുപയോഗം വൈദികര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ള സഭയുടെ അനാഥാലയങ്ങളില്‍ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ വേട്ടയാടുകയാണ്. പാര്‍പ്പിച്ചിരിക്കുന്നത് തലമുറകളായി കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങളിലെ കുട്ടികളായിട്ടുപോലും ചുമതലയുള്ള വൈദികനു നേരെ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി ജയിലിലാക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരായുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒന്നായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

വര്‍ഗീയ വിഭജനങ്ങളും അതിക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. മണിപ്പൂരിലെ കലാപത്തിലടക്കം വ്യക്തമായ ഒരു വിശദീകരണം ഭരണകൂടങ്ങള്‍ സമൂഹത്തിന് നല്‍കണം. എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത വിരോധവുമായി നടക്കുന്നവരെ നിയന്ത്രിക്കുകയാണ് വേണ്ടത്. എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ രാജ്യത്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top