ബിജെപി പരിപ്പ് ക്രൈസ്തവർക്കിടയിൽ വേവില്ല; വിശേഷിച്ച് കേരളത്തിലെന്ന് കെസിബിസി

തിരുവനന്തപുരം: ബിജെപി എന്ത് ഗിമ്മിക്ക് കാട്ടിയാലും കേരളത്തിലെ ക്രൈസ്തവർ അംഗീകരിക്കില്ലെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. “ഞങ്ങൾക്ക് ഒരു നിലപാടുണ്ട്. അതിൽ നിന്ന് സഭ വ്യതിചലിക്കില്ല. ഞങ്ങളെ സമീപിക്കുന്നവരുടെയെല്ലാം രാഷ്ട്രീയം അറിയാം”; ക്രിസ്മ്സിന് ക്രൈസ്തവരെ വീടുകയറി കാണാനുള്ള ബിജെപിയുടെ സ്നേഹയാത്രയെ പരാമർശിച്ച് കേരള കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ (KCBC) ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. മണിപ്പൂരിലടക്കം സംഭവിച്ചത് എല്ലാവരും കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“കേരളത്തിലെ ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപി അല്ല എത് പാർട്ടി വന്നാലും ഇറങ്ങിപ്പോകാൻ പറയില്ല. ഇതിൽ രാഷ്ട്രീയലക്ഷ്യം സഭ തൽക്കാലം കാണുന്നില്ല, മണിപ്പൂർ വിഷയത്തോടെ എല്ലാവരുടെയും നിലപാട് വ്യക്തമായതാണ്. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവരുടെ നിലപാട് സഭയ്ക്ക് അറിയാം. ആലഞ്ചേരി പിതാവിനെ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കണ്ടിരുന്നു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് കണക്കിലെടുക്കുന്നു. സഭക്ക് നിലവിൽ ഒരു നിലപാടുണ്ട്. അവർ വന്നുപോകട്ടെ. ക്രൈസ്തവരുടെ വീടുകളിൽ ഒരു പാർട്ടിക്കാർക്കും പ്രവേശനം വിലക്കിയിട്ടില്ല. വരുന്നത് ആരായാലും സ്വീകരിക്കും. അതിലാർക്കും വിഷമം വേണ്ടാ. ആരു വന്നാലും ഇതേ നിലപാടാണുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ രാഷ്ട്രിയം കലർത്തേണ്ടാ”; ഫാ.ജേക്കബ് പറയുന്നു.

ക്രിസ്മസിന് ക്രൈസ്തവ വീടുകളിൽ കേക്കുമായി സന്ദർശനം നടത്താനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ആരാണ് വീട്ടിൽ വരുന്നതെന്നും അവരുടെ നിലപാട് എന്താണെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ളവർ ക്രൈസ്തവരെ ഓർമപ്പെടുത്തിയിരുന്നു. അതേസമയം, ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദർശിക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. ബിജെപിയുടെ ഈസ്റ്റർദിന സ്നേഹയാത്രകളെ വെല്ലുന്ന തരത്തിൽ സഭയുടെ പിന്തുണയോടെ പുതിയ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top